Type Here to Get Search Results !

Bottom Ad

ബ്ലേഡ് കമ്പനിയുടെ മൂര്‍ച്ചയേറ്റ് പിടഞ്ഞ് ചെറുവത്തൂരിലെ ഗൃഹനാഥന്‍

ചെറുവത്തൂര്‍ (www.evisionnews.in): സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വായ്പാ കെണിയിലകപ്പെട്ട് ഗൃഹനാഥന്‍ ദുരിതത്തില്‍. കുളങ്ങാട്ടെ പി.പി രാഘവനാണ് വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിനാല്‍ ദുരിതത്തിലായത്. ലോറി ഡ്രൈവറായിരുന്ന രാഘവന്‍ വൃക്കസംബന്ധമായ അസുഖം പിടിപെട്ട് ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത് തിരിച്ചുവന്നപ്പോഴാണ് വീടിനുള്ളിലെ സാധനങ്ങള്‍ പുറത്തു വലിച്ചിട്ട നിലയില്‍ കണ്ടത്. പൊലീസ് സഹായത്തോടെ മൂന്നു പേര്‍ വന്ന് സാധനങ്ങള്‍ പുറത്തിടുകയും ഇരുഭാഗവും താഴിട്ട് പൂട്ടുകയായിരുന്നു 

അഞ്ചുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഫൈനാന്‍സ് കമ്പനിയില്‍നിന്ന് രാഘവന്‍ വസ്തുവിന്റെ രേഖകള്‍ നല്‍കി 12.5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. നാലു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. പൊടുന്നനെ പിടിപെട്ട അസുഖം കാരണം ജോലിക്ക് പോകാന്‍ സാധിക്കാതായി. ഇതിനിടെ മകന്‍ അപകടത്തില്‍ മരിച്ചു. ഇത് ഇദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തി. ഇതോടെ വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെയുമായി. വായ്പയുടെ മേലുള്ള പലിശ കൂടിവരികയും ചെയ്തു. വായ്പയും പലിശയുമടക്കം 16 ലക്ഷത്തോളം രൂപയായി. ഇത് തിരിച്ചടക്കാന്‍ അനുവദിച്ച കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഫൈനാന്‍സ് കമ്പനി സ്ഥലവും വീടും കൈവശപ്പെടുത്തുകയായിരുന്നു. വീട് സീല്‍ ചെയ്ത് പോയതിനെ തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് അസുഖബാധിതനായ ഈ അമ്പത്തേഴുകാരനും ഭാര്യ തമ്പായിയും.

Post a Comment

0 Comments

Top Post Ad

Below Post Ad