Type Here to Get Search Results !

Bottom Ad

ആവശ്യത്തിന് ഡോക്ടര്‍മാരില്ല: മലയോരത്ത് രോഗികള്‍ ദുരിതത്തില്‍

കാഞ്ഞങ്ങാട് (www.evisionnews.in): കാലവര്‍ഷം കടുത്തുതുടങ്ങിയതോടെ മലയോരം പനിച്ച് വിറയ്ക്കുന്നു. ഡെങ്കിയും മലേരിയയും മറ്റു ഭീതിപടര്‍ത്തിയതോടെ നൂറുകണക്കിനാളുകളാണ് പൂടങ്കല്ല്, എണ്ണപ്പാറ, പാണത്തൂര്‍ ആശുപത്രികളില്‍ എത്തുന്നത്. പൂടങ്കല്ല് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ മാത്രം കഴിഞ്ഞ ദിവസമെത്തിയത് ഇരുന്നൂറിലധികം പേരാണ്. അതേസമയം ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതോടെ രോഗികള്‍ ദുരിതത്തിലാവുകയാണ്. ഒമ്പത് ഡോക്ടര്‍മാര്‍ വേണ്ടിടത്ത്് രണ്ടു മൂന്നും ഡോക്ടര്‍മാരാണ് നിലവിലുള്ളത്. 

മെഡിക്കല്‍ ഓഫീസറുടെ ചുമതല ഇവിടുത്തെ പ്രധാന ഡോക്ടര്‍ക്കായതിനാല്‍ ഡിഎംഒ വിളിച്ചുചേര്‍ക്കുന്നതും അല്ലാതെയുമുള്ള യോഗങ്ങളിലും മറ്റും പങ്കെടുക്കാന്‍ പോകുന്നതിനാലും മെഡിക്കല്‍ ഓഫീസര്‍ ആഴ്ചയില്‍ കുറച്ചുദിവസം മാത്രമാണ് ആശുപത്രിയിലുണ്ടാവുക. മറ്റൊരാള്‍ക്ക് രാത്രിയാണ് ഡ്യൂട്ടി. ഇതോടെ രണ്ട് ഡോക്ടര്‍ മാത്രമാണ് ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികളെ പരിശോധിക്കാനുള്ളത്. ഇതിലാരെങ്കിലും അവധിയെടുത്താല്‍ പിന്നെയും കഷ്ടമാകും. 

ഡെങ്കിപ്പനി ബാധിച്ചവരെ ഇവിടെ കിടത്തിചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ അഞ്ച് ഡോക്ടറുണ്ടെന്ന് രേഖപ്പെടുത്തിയിട്ടും ചികിത്സിക്കുന്നത് രണ്ടുപേര്‍ മാത്രം. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരുടെ പേരാണ് ഒ പി വിഭാഗത്തിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച ഒ.പി പരിശോധനക്കെത്തിയത് രണ്ടുപേര്‍ മാത്രമാണ്. പാണത്തൂര്‍, എണ്ണപ്പാറ പിഎച്ച്‌സികളിലും സമാന അവസ്ഥയാണ്. പാണത്തൂരില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഇവിടെയും നൂറുകണക്കിന് രോഗികളെത്തുന്നുണ്ട്. എണ്ണപ്പാറയില്‍ മൂന്ന് ഡോക്ടര്‍ വേണ്ടിടത്ത് ഒരാളാണുള്ളത്. ഇവിടെ കിടത്തിചികിത്സ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.
















Post a Comment

0 Comments

Top Post Ad

Below Post Ad