Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ നഴ്സിംഗ് കോളജില്‍ റാഗിങ്ങിനിരയായത് ദലിത് വിദ്യാര്‍ത്ഥിനി

എടപ്പാള്‍ (www.evisionnews.in): ബംഗളൂരുവില്‍ നഴ്സിങ് കോളജില്‍ റാഗിങ്ങിന് ഇരയായ ദളിത് വിഭാഗക്കാരിയായ വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടിയിലെ കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതിയെ ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ ടോയ്ലറ്റ് ക്ലീനര്‍ കുടുപ്പിച്ചാണ് റാഗ് ചെയ്തത്. 

ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അശ്വതിയിപ്പോള്‍. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. മെയ് ഒമ്പതിനു രാത്രിയിലായിരുന്നു സംഭവം. കരച്ചില്‍കേട്ട് ഓടിയെത്തിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ത്ഥിനികള്‍ അശ്വതിയെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാലു ദിവസം ഐ.സി.യുവിലായിരുന്നു അശ്വതി. തുടര്‍ന്ന് മറ്റൊരു കുട്ടിക്കൊപ്പം അശ്വതിയെ കോളജ് അധികൃതര്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

നാട്ടിലെത്തിയശേഷം എടപ്പാള്‍, തൃശ്ശൂര്‍ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നത്. അന്നനാളത്തിന് ഗുരുതരമായി പ്രശ്നം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കര്‍ണാടകയിലെ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് കര്‍ണാടക പോലീസ് അശ്വതിയുടെ മൊഴിയെടുക്കാന്‍ എത്തിയിരുന്നെങ്കിലും സംസാരിക്കാന്‍ കഴിയാത്തത് മൂലം അതു നടന്നിരുന്നില്ല.

പിന്നീട് യാതൊരു അന്വേഷണവും ഇതുസംബന്ധിച്ച് നടന്നിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജാനകി മുഖ്യമന്ത്രി, മന്ത്രിമാര്‍, പോലീസ് മേധാവി തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. അഞ്ചുമാസം മുമ്പാണ് അശ്വതി ബംഗളുരുവിലേക്ക് പഠിക്കാന്‍ ചേര്‍ന്നത്. നാലുലക്ഷം രൂപ വായ്പയെടുത്താണ് പഠിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad