Type Here to Get Search Results !

Bottom Ad

കള്ളവോട്ടിന് ആഹ്വാനം: കെ സുധാകരനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

കാസര്‍കോട്: കളളവോട്ടിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തില്‍ വിജയിച്ച കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉത്തരവിട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമം 171 (എഫ്), 116 വകുപ്പുകള്‍ പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
മെയ് 16ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുചെയ്യുന്നതിനും മറ്റുമായി പ്രവര്‍ത്തകരെ അവിഹിതമായി പ്രേരിപ്പിച്ചുവെന്നാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയിലുള്ളത്.

മണ്ഡലത്തിലെ  ഒരു യു.ഡി.എഫ് പ്രമുഖന്റെ വീട്ടില്‍ചേര്‍ന്ന കുടുംബ യോഗത്തിലാണ് കെ സുധാകരന്റെ വിവാദപ്രസംഗം അരങ്ങേറിയത്. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് ആദ്യം അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കുഞ്ഞിരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി നവമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ സതീഷ് ചന്ദ്രനും മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വിവാദ പ്രസംഗത്തിന്റെ സിഡികളും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.
എന്നാല്‍ താന്‍ അത്തരമൊരു വിവാദ പ്രസംഗം നടത്തിയിട്ടില്ലെന്ന നിലപാടാണ് കെ സുധാകരന്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് അദ്ദേഹം പത്രക്കുറിപ്പും ഇറക്കിയിരുന്നു. ആദ്യം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും പൊടുന്നനെ പത്രസമ്മേളനം ഉപേക്ഷിച്ച് പത്രക്കുറിപ്പിറക്കിയതും തെരഞ്ഞെടുപ്പ് വേളയില്‍ വന്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാക്ഷികളായി മാധ്യമപ്രവര്‍ത്തകരെയും സിപിഎം നേതാക്കളെയും പ്രസ്‌ക്ലബ്ബ് ഭാരവാഹികളെയും വിസ്തരിക്കുമെന്നും സൂചനയുണ്ട്.

Keywords: Kasaragod-K Sudhakaran-Court-Uduma-Election-K Kunhiraman

Post a Comment

0 Comments

Top Post Ad

Below Post Ad