Type Here to Get Search Results !

Bottom Ad

നാടകാചാര്യന് അന്തിമോപചാരമര്‍പ്പിച്ച് തലസ്ഥാനം; സംസ്‌കാരം നാളെ കാവാലത്ത്

തിരുവനന്തപുരം: (www.evisionnews.in)  നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് ജന്മനാടായ കാവാലത്തെ വീട്ടില്‍ നടക്കും.
തിരുവനന്തപുരത്തെ നാടകക്കളരിയായ സോപാനത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും അടങ്ങിയ വന്‍നിര തന്നെ അന്തിമോപചാരം അര്‍പ്പിച്ചു. 
   1928 ഏപ്രില്‍ 28 ന് ആലപ്പുഴ കാവാലത്ത് ജനിച്ച പണിക്കര്‍ കടമ്പ,ദൈവത്താര്‍ എന്നിവയടക്കമുള്ള പ്രശസ്ത നാടകങ്ങള്‍ കേരളത്തിന് സംഭാവന ചെയ്തു.തനത് നാടക വേദിയിലൂടെ മലയാള നാടകത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്കുയര്‍ത്തിയ കലാകാരനായിരുന്നു അദ്ദേഹം. 'ദൈവത്താര്‍', 'അവനവന്‍ കടമ്പ', 'കരിംകുട്ടി', 'നാടകചക്രം', 'കൈക്കുറ്റപ്പാട്', 'ഒറ്റയാന്‍' തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് അദ്ദേഹത്തിന് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി രാജ്യം ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു.
വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നാല്‍പതോളം സിനിമകള്‍ക്ക് കാവാലം ഗാനരചന നിര്‍വ്വഹിച്ചു. 1978ല്‍ 'വാടകക്കൊരു ഹൃദയം' എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. 1982ല്‍ 'മര്‍മ്മരം' എന്ന സിനിമയിലെ പാട്ടിനും ഗാനരചയിതാവിനുളള സംസ്ഥാന അവാര്‍ഡ് നേടി. മലയാള നാടകത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ച കലാകാരനാണ് ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്.
മലയാള നാടക സിനിമ സംഗീത രംഗത്ത് വലിയ നഷ്ടം തന്നെയാണ് ഈ വലിയ കലാകാരന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്. ഭാസനേയും ഷേക്‌സ്പിയറേയും മലയാള നാടക വേദിയില്‍ എത്തിച്ച അദ്ദേഹം കവിതകളെ നാടന്‍ പാട്ടായി ജനഹൃദയത്തില്‍ എത്തിച്ചു. നാടകമെന്ന കലയെ സാംസ്‌കാരിക പാരമ്പര്യം ഒട്ടും ചോര്‍ത്തിയെടുക്കാതെ അദ്ദേഹം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. തെയ്യവും പടയണിയും തിറയുമൊക്കേ ചേര്‍ത്തുകൊണ്ടുള്ള കാവാലം നാടകങ്ങള്‍ നാടക സംസ്‌കാരത്തെ തനത് രീതിയില്‍ ഉടച്ചുവാര്‍ക്കുകയായിരുന്നു.ഭാര്യ ശാരദാമണി. മക്കള്‍ ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ ഹരികൃഷ്ണന്‍.

keywords: Kavalam-narayanapanikar-obitury-news

Tags

Post a Comment

0 Comments

Top Post Ad

Below Post Ad