Type Here to Get Search Results !

Bottom Ad

ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോളില്ല


തിരുവനന്തപുരം (www.evisionnews.in) : ഇരുചക്ര വാഹന യാത്രക്കാരെ ഹെല്‍മെറ്റ് ധരിപ്പിക്കാന്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് ഒന്നു മുതല്‍, ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി നിര്‍േദശം നല്‍കി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും. പദ്ധതി വിജയിച്ചാല്‍ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന് തച്ചങ്കരി അറിയിച്ചു. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ അപകടനിരക്കു കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അതു കര്‍ക്കശമാക്കാനാണ് തീരുമാനം.

ഈ നടപടി ആളുകളെ ശിക്ഷിക്കാനോ പിഴ ഈടാക്കി സര്‍ക്കാരിനും വകുപ്പിനും വരുമാനം ഉണ്ടാക്കിക്കൊടുക്കാനുള്ള ലക്ഷ്യത്തോടെയല്ല ചെയ്യുന്നത്. പെട്രോള്‍ ഡീലേഴ്‌സുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ ഒന്നുമുതല്‍ ഇതു നടപ്പാക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഡീലര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ ആക്കുകയായിരുന്നു. പമ്പുകളിലെല്ലാം ഇതു സംബന്ധിച്ച അറിയിപ്പു ബോര്‍ഡ് വയ്ക്കും.

മാത്രമല്ല, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങള്‍ പമ്പുകളില്‍ ഉണ്ടാകും. ഹെല്‍മെറ്റ് ഇല്ലെന്ന കാരണത്താല്‍ ഇന്ധനം നിഷേധിക്കാനാകാത്തതിനാല്‍ ഈ തീരുമാനത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ അവരില്‍നിന്ന് ഹെല്‍മറ്റ് ഇല്ലാത്തതിനു പിഴ ഈടാക്കും. ഇപ്പോള്‍ 100 രൂപ മുതല്‍ 1000 രൂപ വരെയാണ് പിഴ. ഈ സഭാ സമ്മേളനത്തില്‍ പാസാക്കാനിരിക്കുന്ന പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഹെല്‍മെറ്റില്ലാത്തതിന് ഇനി 2,500 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതുകൂടാതെ, ലൈസന്‍സ് റദ്ദ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അതേസമയം, പുതിയ തീരുമാനത്തിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനെതിരെ നിയമ നടപടിക്ക് ഒരുങ്ങുമെന്ന് ഇരുചക്ര വാഹന അസോസിയേഷന്‍ പ്രതിനിധി കുരുവിള മാത്യൂസ് അറിയിച്ചു.

keywords: August-helmet-two-wheeelers-vehicle

Tags

Post a Comment

0 Comments

Top Post Ad

Below Post Ad