Type Here to Get Search Results !

Bottom Ad

പകര്‍ച്ച വ്യാധി -രോഗപ്രതിരോധം ഊര്‍ജ്ജിതമാക്കും

കാസര്‍കോട്.(www.evisionnews.in)ജില്ലയില്‍ പനിയും മറ്റു പകര്‍ച്ചവ്യാധികളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ രോഗനിരീക്ഷണം, ചികിത്സ, രോഗപ്രതിരോധം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ ആരോഗ്യവകുപ്പിലെ സൂപ്പര്‍വൈസര്‍മാരുടെ അവലോകന യോഗത്തില്‍ തീരുമാനമായി. പകര്‍ച്ചപ്പനി, ഡങ്കിപ്പനി, മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉറവിട നശീകരണം, ഫോഗിംഗ്, സ്‌പ്രെയിംഗ്, ഗപ്പി മത്സ്യങ്ങളുടെ വിതരണം, സ്വയംരക്ഷയ്ക്കുവേണ്ട മാര്‍ഗങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഡങ്കിപ്പനിയുടെ ടൈപ്പ് നിര്‍വ്വചിക്കാനായി സിറം സാമ്പിളുകള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയച്ചുകൊടുക്കും. ദൈനംദിന പനി, മറ്റു പകര്‍ച്ചവ്യാധികള്‍, സംശയാസ്പദമായ മരണത്തിന്റെ കാരണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ട് അതാതു പി.എച്ച്.സി.കളില്‍ നിന്നു ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എപ്പിഡമിക് സെല്ലിലേക്ക് അയച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം എല്ലാ പി.എച്ച്.സി.കളും കാര്യക്ഷമമാക്കി നടപ്പിലാക്കും. ഡങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സജിവമാക്കും. ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക നിരീക്ഷണ വിധേയരാക്കി അവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ചികിത്സ ഉറപ്പുവരുത്തും. ജില്ലയിലെ എല്ലാ പി.എച്ച്.സി.കളിലും സ്വകാര്യ ആശുപത്രികളിലും പനി ചികിത്സ പട്ടിക പ്രദര്‍ശിപ്പിക്കും. രോഗികളെ പരിശോധിക്കുന്ന സര്‍ക്കാര്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനിയുടെ ദേശീയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്തകം വിതരണം ചെയ്യും. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നോട്ടീസ് വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, മൈക്ക് പ്രചരണം എന്നിവയിലൂടെ ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ഇ.മോഹനന്‍, ഡോ.എ.വി.രാംദാസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.അബ്ദുള്‍ഖാദര്‍, ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നു തയ്യാറാക്കിയ ഫീവര്‍ ട്രീറ്റ്‌മെന്റ് പ്രോട്ടോകോളിന്റെ കോപ്പി ജില്ലാ സര്‍വെയിലന്‍സ് ഓഫീസര്‍ ഡോ.ഇ.മോഹനന് നല്‍കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ്കുമാര്‍ പ്രകാശനം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad