Type Here to Get Search Results !

Bottom Ad

ജില്ലയെ ജൈവപച്ചക്കറിയില്‍ സ്വയം പര്യാപ്തമാക്കുവാന്‍ സംയോജിത പദ്ധതി

കാസര്‍കോട്:(www.evisionnews.in)എല്ലാ ഗ്രാമങ്ങളിലും വിഷമില്ലാത്ത പച്ചക്കറി. ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം ജൈവകൃഷി. നാലുവര്‍ഷത്തിനകം ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തമാവുക. ജില്ലയുടെ കാര്‍ഷിക സമൃദ്ധിയ്ക്ക് വളക്കൂറേകുന്ന സംയോജിത പദ്ധതികള്‍ക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും പ്രാഥമിക രൂപം നല്‍കി.

ജില്ലാആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയോജിത പദ്ധതികളെകുറിച്ച് ആലോചിക്കുന്നതിന് സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ പൊതുവായ വികസനത്തിനും ക്ഷേമത്തിനും ഉപകരിക്കുന്ന പദ്ധതികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ നാലുവര്‍ഷം തുടര്‍ച്ചയായി ജൈവപച്ചക്കറി ഉല്പാദനത്തിന് പദ്ധതികള്‍ തയ്യാറാക്കിയാല്‍ ജില്ലയ്ക്ക് ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് യോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും രണ്ടോ മൂന്നോ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കുടുംബശ്രീ, സ്വയംസഹായസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മയില്‍ പച്ചക്കറി ഉല്പാദിപ്പിക്കും. ഒരു ഗ്രൂപ്പ് ഒരു ഇനം മാത്രം ഉല്പാദിപ്പിച്ചാല്‍ കമ്പോളത്തില്‍ വില്‍ക്കാനും സാധിക്കും. ഗ്രാമസഭകളില്‍ നിന്ന് ഇതിനുളള നിര്‍ദ്ദേശം സ്വരൂപിക്കണം.ജില്ലാപഞ്ചായത്ത് സീഡ് ഫാമുകളില്‍ ഉല്പാദിപ്പിക്കുന്ന വിത്തും ജൈവ വളവും ഗ്രാമപഞ്ചായത്തുകള്‍ വാങ്ങിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാനുളള പദ്ധതി തയ്യാറാക്കും. നെല്‍കൃഷിക്ക് കൂലി ചെലവ് നല്‍കും. മികച്ചയിനം വിത്തുകള്‍ സീഡ്ഫാമില്‍ ലഭ്യമാണ്. ജില്ലയുടെ സമഗ്ര വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുളള സംയോജിത പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു.

മാലിന്യ സംസ്‌കരണത്തിലും പുതിയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. അങ്കണ്‍വാടികളുള്‍പ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആദ്യം മാലിന്യമുക്തമാക്കും.ജൈവവള നിര്‍മ്മാണത്തിനും ഇത് സഹായകമാകും. മുഴുവന്‍ വീടുകളിലും കക്കൂസ് ഉറപ്പു വരുത്തും. ഇന്ദിരാവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി 2489 വീടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം നിര്‍മ്മിക്കും.

വിദ്യാഭ്യാസരംഗത്ത് ഒന്നാം ക്ലാസ്സു മുതല്‍ ഗുണമേന്മയുളള പഠനം ഉറപ്പുവരുത്തുന്നതിനുളള സംയോജിത പദ്ധതികള്‍ക്കും രൂപം നല്‍കി. ഡയറ്റുമായി സഹകരിച്ച് പദ്ധതി ആവിഷ്‌ക്കരിക്കും. ലാമ്പ് ഹലോ ടീച്ചര്‍ പദ്ധതി വിപുലീകരിക്കും.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് സര്‍ക്കാരേതര സംഘടനകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി മാര്‍ച്ച് 10 ന് ആരംഭിക്കും. ഇതിന് എല്ലാ ഗ്രാമപഞ്ചായത്തുകളും തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വളര്‍ത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിനുളള ലൈസന്‍സ് പുതുക്കുന്നതിനും പ്രാധാന്യം നല്‍കണം. കാഞ്ഞങ്ങാട്, നീലേശ്വരം, മഞ്ചേശ്വരം വെറ്ററിനറി ആശുപത്രികള്‍ , മുളിയാര്‍, പ്ലാച്ചിക്കര വെറ്ററിനറി ഡിസ്‌പെന്‍സറികള്‍, കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവിടങ്ങളിലാണ് തെരുവ് നായ വന്ധ്യംകരണ സൗകര്യമൊരുക്കുക.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള സംയോജിത പദ്ധതികള്‍ക്ക് രൂപം നല്‍കി. ഈ വിഭാഗത്തിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവുന്ന വിധത്തില്‍ പദ്ധതി രൂപീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്‌കോളര്‍ഷിപ്പ് തുക ഗ്രാമപഞ്ചായത്തുകളും സഹായോപകരണങ്ങള്‍ക്ക് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളും തുക വകയിരുത്തും. പാലിയേറ്റീവ് കെയര്‍ കൂടുതല്‍ രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിനായി വിപുലപ്പെടുത്തുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിച്ചു.. ഒരു വാര്‍ഡിന് 10000 രൂപ വീതം ജില്ലാപഞ്ചായത്ത് വിഹിതം നല്‍കുന്നതിനാണ് നിര്‍ദ്ദേശം.കായികമേഖലയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനും സംയോജിത പദ്ധതി തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി പി പി മുസ്തഫയാണ് കാര്‍ഷികമേഖലയിലെ സമഗ്ര പദ്ധതികള്‍ അവതരിപ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, ഫരീദ സക്കീര്‍ അഹമ്മദ്, ഇ പി ഉഷ, എന്നിവരും ജില്ലാ പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുഴുവന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ഗ്രാമ-ബ്ലോക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad