കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ സ്മാര്‍ട് സിറ്റി യഥാര്‍ത്ഥ്യമായി. പദ്ധതിയുടെ ആദ്യഘട്ടം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും വേദിയില്‍ നടന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.എ.ഇ മന്ത്രിയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഏഴു നിലകളിലായി ആറരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ളതാണ് ആദ്യഘട്ട പദ്ധതി. 27 കമ്പനികളാണ് ഇതിനകം പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. 5,500 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. രണ്ടാംഘട്ടത്തില്‍ വന്‍കിട ഐ.ടി കെട്ടിടങ്ങളും രാജ്യാന്തര സ്‌കൂളുകളും സ്ഥാപിക്കുന്ന ആറു കമ്പനി മേധാവികളെയും വേദിയില്‍ ആദരിച്ചു.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വ്യവസായി എം.എ യൂസഫലി, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, സ്മാര്‍ട് സിറ്റി സി.ഇ.ഒ ബാജു ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കുപിടിച്ചാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നതെന്ന് ആരോപിച്ച് സ്മാര്‍ട് സിറ്റി പദ്ധതിക്കു മുന്നില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുകക്ഷികള്‍ പ്രതിഷേധവും സംഘടിപ്പിച്ചു. അഴിമതിക്കാരായ മുഖ്യമന്ത്രിയെയും കെ.ബാബുവിനെയും ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിന്റെ ഭാഗം കൂടിയാണ് ചടങ്ങ് ബഹിഷ്‌കരിക്കലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്മാര്‍ട് സിറ്റിയുടെ പേരില്‍ നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്ലാറ്റിനം നിലവാരത്തിലുള്ള കെട്ടിടമാണ് കാക്കനാട് ഇടച്ചിറയില്‍ ഉയര്‍ന്നിരിക്കുന്നത്. മൂന്നു ഘട്ടമായാണ് സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ത്തിയാകുക. അഞ്ചു ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുമെന്ന പദ്ധതിയില്‍ വിനോദ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ ആയിരത്തോളം കമ്പനികളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടാം ഘട്ടത്തില്‍ ഐ.ടി ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. മൂന്നാം ഘട്ടത്തില്‍ പശ്ചാത്തല സൗകര്യ വികസനവും നടക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി മന്ദിരമെന്ന ബഹുമതിയും കൊച്ചി സ്മാര്‍ട് സിറ്റിക്ക് സ്വന്തമാകും.
കരാര്‍ ഒപ്പുവച്ച് ഒമ്പതു വര്‍ഷം പിന്നിടുമ്പോഴാണ് സ്മാര്‍ട് സിറ്റി യഥാര്‍ത്ഥ്യമാകുന്നത്. 2005 സെപ്തംബറില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും ദുബായ് കമ്പനിയായ ടീകോമുമായുള്ള ധാരണാപത്രം ഒപ്പുവച്ചു. 2007ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് സ്മാര്‍ട്‌സിറ്റി കരാര്‍ ഒപ്പിട്ടത്. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2013ല്‍ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചു. നിലവില്‍ മാള്‍ട്ടയിലും ദുബായിലും മാത്രമാണ് സ്മാര്‍ട് സിറ്റിയുള്ളത്. ഈ നിലവാരത്തിലേക്ക് കൊച്ചിയും ഉയരുന്നതോടെ ലോക ഐ.ടി ശൃംഖലയിലേക്ക് കേരളവും ഉയരും.
key words; smart-city-inag
Post a Comment
0 Comments