Type Here to Get Search Results !

Bottom Ad

ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ -സുപ്രിംകോടതി


ന്യൂഡല്‍ഹി (www.evisionnews.in): ഭക്ഷ്യസുരക്ഷാ നിയമം ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്ത ഗുജറാത്ത് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം എന്തുകൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കാത്തതെന്നും ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേ എന്നും കോടതി ആരാഞ്ഞു.

2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ഇത്രയും കാലമായിട്ടും നടപ്പാക്കാത്ത ഗുജറാത്ത് ഇന്ത്യയില്‍നിന്ന് വേര്‍പെട്ടു പോകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അഡ്വ. പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന 'കോമണ്‍ കോസ്' എന്ന സന്നദ്ധ സംഘടന രാജ്യത്തെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി, കുടിവെള്ള വിതരണം പോലുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളര്‍ച്ചയുണ്ടെന്നും അധികൃതര്‍ ഇക്കാര്യം വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ പദ്ധതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ജനുവരി 18ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യത്ത് 36 സംസ്ഥാനങ്ങളില്‍ 25 എണ്ണമാണ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ഗുജറാത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങളിലൊന്നാണെന്നും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ യൂണിയില്‍ നിന്നും വേര്‍പെട്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ചോദിച്ച് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ ഇടപെട്ടത്.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ ഗുജറാത്ത് സര്‍ക്കാറിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഇതുവരെ നടപ്പാക്കാതിരുന്നതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. ഇതേത്തുടര്‍ന്നാണ് കോടതി ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad