Type Here to Get Search Results !

Bottom Ad

ഖാസി കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന ആവശ്യം ശക്തം

evisionnews

കാസര്‍കോട് (www.evisionnews.in): ചെമ്പിരിക്ക -മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച് സിബിഐ പുനരന്വേഷണം നടത്തുമ്പോള്‍ കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം നേര്‍ദിശയില്‍ മുന്നോട്ടു കൊണ്ടുപോവാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായി. ഇതു സംബന്ധിച്ച് ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫിയും സിബിഐ നേരത്തെ അന്വേഷിച്ച കേസ് പുതിയ വഴിത്തിരിവിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ മേല്‍പ്പറമ്പിലെ എംഎം ഹംസയും നിയമവിദഗ്ധരുമായി ആലോചനകള്‍ തുടങ്ങി. ഈ നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ ഖാസി ഉപാധ്യക്ഷനായിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിന്തുണയും ഇരുവരും പ്രതീക്ഷിക്കുന്നുണ്ട്. 

മേല്‍പറമ്പിലും പരിസരങ്ങളിലും നടന്ന കോളിളക്കം സൃഷ്ടിച്ച രണ്ടു കേസുകള്‍ക്ക് തുമ്പായതും പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചതും പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചത് മൂലമായിരുന്നുവെന്ന് ഖാസി കേസും ആ വഴിയിലേക്ക് നീക്കേണ്ടതിന്റെ ആവശ്യം എടുത്തു പറയുന്നുണ്ട്. മേല്‍പറമ്പ് സഹോദരന്‍മാരെ തട്ടിക്കൊണ്ടു പോയ പ്രമാദമായ കേസിലും സ്വര്‍ണബിസ്‌ക്കറ്റുകള്‍ തട്ടിയെടുത്ത് അഷ്‌റഫ് എന്ന മേല്‍പറമ്പ് സ്വദേശിയായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കര്‍ണാടകയിലെ കിണറ്റില്‍ തള്ളിയ കേസിലും പ്രത്യേക പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണ ഘട്ടം മുതല്‍ രംഗത്തുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്ന തലശ്ശേരിയിലെ മുതിര്‍ന്ന അഭിഭാഷകനും എഎം വിശ്വനാഥനും സര്‍വീസില്‍ നിന്ന് വിരമിച്ച ഡിവൈഎസ്പിയും പ്രസിഡണ്ടിന്റെ സ്വര്‍ണമെഡല്‍ ജേതാവുമായ കണ്ണൂരിലെ ചന്ദ്രശേഖരനുമാണ് മേല്‍പറഞ്ഞ രണ്ടു കേസുകള്‍ക്കും തുമ്പുണ്ടാക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ചത്. ഇതില്‍ ഈ സംഘം വിജയിക്കുകയും ചെയ്തു. 

ഖാസി കേസ് സിബിഐ പുതിയ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് ഫെബ്രുവരി 12ന് എറണാക്കുളം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പുനരന്വേഷണ ഘട്ടത്തില്‍ മനശാസ്ത്രജ്ഞരായ വിദഗ്ധ കുറ്റാന്വേഷകരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായതിനാലാണ് ഇത്തരമൊരു ഉത്തരവ് കോടതിയില്‍ നിന്നുണ്ടായതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തി കൊണ്ട് ഖാസിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരണമെന്നാണ് പൊതുസമൂഹത്തിന്റെയും ആവശ്യം.
keywords : qazi-cm-usthad-chembirika

Post a Comment

0 Comments

Top Post Ad

Below Post Ad