Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടം -ഗവര്‍ണര്‍

തിരുവനന്തപുരം (www.evisionnews.in): യു.ഡി.എഫ് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ പി സദാശിവം. കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷമെന്നും സംസ്ഥാനത്തെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യനിലവാരത്തെക്കാള്‍ ഉയര്‍ന്നുകഴിഞ്ഞുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. 12.3 ശതമാനമാണ് ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക്. ഐടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയായി വര്‍ധിക്കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും. ലൈറ്റ് മെട്രോ പദ്ധതി വിവിധഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവളം 50ശതമാനം പൂര്‍ത്തിയായി. പരമ്പരാഗത വ്യവസായ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടായി. 

പട്ടികവിഭാഗക്കാര്‍ക്കു വേണ്ടി ആദ്യത്തെ മെഡിക്കല്‍ കോളജ് പാലക്കാട് സ്ഥാപിക്കും. 2016 -17ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈക്കോ ഔട്ട്‌ലെറ്റ് തുടങ്ങും. എല്ലാവര്‍ക്കും സ്വന്തമായി വീട് പദ്ധതി സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമാണ്. 75,000 വീടുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ ഹാന്‍ഡ്‌ലൂം കേന്ദ്രങ്ങള്‍ തുടങ്ങും. കൊച്ചിയിലെ പെട്രോക്കെമിക്കല്‍ കമ്പനി വ്യവസായ മുഖഛായ മാറ്റും. കോഴിക്കോട് ഫൂട്‌വെയര്‍ പാര്‍ക്ക് സ്ഥാപിക്കും. ഗ്ലോബല്‍ ആയുര്‍വേദ കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും. പാലക്കാടും തൊടുപുഴയിലും വ്യവസായ മേഖലകള്‍ സ്ഥാപിക്കും. െചറുകിട - ഇടത്തരം വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും. തിരുവനന്തപുരം -ചെങ്ങന്നൂര്‍ സബേര്‍ബന്‍ ട്രെയിന്‍ പരിഗണിക്കും.

ആദ്യത്തെ ഓണ്‍ലൈന്‍ രക്തദാനസേന തയാറാക്കി. ആദിവാസി മേഖലകളില്‍ വനം സര്‍വേ പൂര്‍ത്തിയാക്കും. 42,250 ആദിവാസികള്‍ക്കു വിതരണം ചെയ്യും. 25,000 ആദിവാസികള്‍ക്കു പട്ടയം നല്‍കി. മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പുകാര്‍ക്ക് സ്വാന്തനം റെന്റല്‍ സ്‌കീം നടപ്പിലാക്കും. സംയോജിത സാമ്പത്തിക മാനേജ്‌മെന്റ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കും. 2022 അവസാനത്തോടെ സംസ്ഥാനത്തുടനീളം കാരുണ്യ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ സ്ഥാപിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായം നല്‍കും. കൊച്ചി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 18 വയസ്സുവരെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കും. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ സഹായം ഏര്‍പ്പെടുത്തും. റബറിനു കിലോയ്ക്ക് 150 രൂപ താങ്ങുവില ഏര്‍പ്പെടുത്തും. അതിനായി സര്‍ക്കാര്‍ 300 കോടി നീക്കിവയ്ക്കും.

കൈത്തറിക്കായി കണ്ണൂരില്‍ പ്രദര്‍ശന പരിശീലനശാല തുടങ്ങും. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിധ്യവല്‍ക്കരണം നടത്തും. വിഴിഞ്ഞം പദ്ധതി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാജ്യത്തിന്റെ ആധിപത്യം ഉറപ്പിക്കും. ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കും. ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിന്‍ഫ്ര പാര്‍ക്ക്. ആഭ്യന്തര പച്ചക്കറി ഉല്‍പ്പാദനം ഇരട്ടിയാക്കി. ജൈവ പച്ചക്കറി ഉല്‍പ്പാദത്തിലൂടെ സ്വയംപര്യാപ്തത കൈവരിച്ചു. പച്ചക്കറി വില കുറയ്ക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് 44.4 കോടി രൂപ നല്‍കി. പ്രാദേശിക പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കും. താലൂക്കുകളില്‍ സഹകരണമേഖലയുടെ സഹായത്തോടെ ഓര്‍ഗാനിക് ഫാമിങ് കൊണ്ടുവരും. കേരളത്തെ സ്വാശ്രയ പച്ചക്കറി സംസ്ഥാനമാക്കി മാറ്റും. 2016 അവസാനത്തോടെ കേരളത്തെ സമ്പൂര്‍ണ ജൈവ സംസ്ഥാനമാക്കി മാറ്റും.

തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ അനന്ത. ലോട്ടറി വരുമാനം 5,450 കോടിയായി ഉയര്‍ന്നു. ലോട്ടറി വില്‍പ്പനക്കാരുടെ കമ്മിഷന്‍ 26 ശതമാനമായി ഉയര്‍ത്തും. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിച്ചു. 32 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അട്ടപ്പാടിയില്‍ പ്രത്യേക പോഷക പദ്ധതി നടപ്പാക്കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 899.9 കോടി രൂപ. കയര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക കടാശ്വാസ പദ്ധതി. 17,000 ഏയ്ഡഡ് അധ്യാപകരെ സഹായിക്കാന്‍ പദ്ധതി.

അതേസമയം, പന്ത്രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും. സോളര്‍, ബാര്‍കോഴ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആവശ്യം നിരസിച്ചിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad