Type Here to Get Search Results !

Bottom Ad

തൊഴിലാളികള്‍ പണിമുടക്കി: കെഎസ്ടിപി റോഡ് നിര്‍മാണം നിലച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): ശമ്പളവും ഓവര്‍ടൈം കൂലിയും കൃത്യമായി നല്‍കണമെന്നും താമസസ്ഥലത്തെ സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് തുടരുന്നു. ഇതോടെ കാഞ്ഞങ്ങാട് - കാസര്‍കോട് കെഎസ്ടിപി റോഡ് നിര്‍മാണം പൂര്‍ണമായി സ്തംഭിച്ചു.

റോഡ് നിര്‍മാണത്തിനെത്തിയ 250 ഇതരസംസ്ഥാന തൊഴിലാളികളാണ് രണ്ടു ദിവസം മുമ്പ് പണിമുടക്ക് സമരം ആരംഭിച്ചത്. പിടിച്ചുവച്ച ഓവര്‍ടൈം അലവന്‍സ് അനുവദിക്കുക, ശമ്പളം നിശ്ചിതദിവസം കൃത്യമായി വിതരണം ചെയ്യുക, ജീവിതസൂചികയ്ക്കനുസൃതമായി ശമ്പളം വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ താമസ - വിശ്രമകേന്ദ്രങ്ങളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. 

ദില്ലിയിലെ ആര്‍ഡിഎസ് കമ്പനിക്കാണ് റോഡ് നിര്‍മാണചുമതല. പള്ളിക്കര പഞ്ചായത്തിലെ ചെര്‍ക്കപ്പാറയിലാണ് തൊഴിലാളികളുടെ ബേസ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അറുപതോളം വാഹന ഡ്രൈവര്‍മാര്‍, ഇരുപതോളം മെക്കാനിക്കുകള്‍, ലൈറ്റ് വാഹന ഓപ്പറേറ്റര്‍മാര്‍, പത്തോളം ഡ്രൈവര്‍മാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരടക്കം പണിമുടക്കിലാണ്. വാഹനങ്ങളൊന്നും ക്യാമ്പില്‍നിന്ന് തൊഴിലാളികള്‍ കടത്തിവിടുന്നില്ല. സമരം ശക്തമായിട്ടും കരാറുകാരനോ കെഎസ്ടിപി അധികൃതരോ സമരക്കാരുമായി ചര്‍ച്ചക്കുപോലും തയ്യാറാകാത്ത സാഹചര്യത്തില്‍ ജില്ലയിലെ ട്രേഡ് യൂണിയനുകളുടെയും ജനപ്രതിനിധികളുടെയും സഹായം തേടാന്‍ സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ചന്ദ്രഗിരി റൂട്ടില്‍ ഗതാഗത ക്ലേശം ഇരട്ടിക്കുന്നതോടെ കാസര്‍കോട് നഗരത്തിലും കാഞ്ഞങ്ങാട് ദേശീയപാതയിലും ഗതാഗതക്കുരുക്ക് ഇരട്ടിക്കുന്നമെന്ന് ഉറപ്പായിട്ടുണ്ട്. പണിമുടക്ക് അനുരഞ്ജനത്തിലൂടെ തീര്‍ക്കാന്‍ ജില്ലാ ഭരണകൂടം ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. എംഎല്‍എമാര്‍ നിയമസഭാ സമ്മേളനമായതിനാല്‍ തിരുവനന്തപുരത്താണ്. ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ ഇതുവരെയായിട്ടും ഇടപെട്ടിട്ടില്ല.




Post a Comment

0 Comments

Top Post Ad

Below Post Ad