ഡല്‍ഹി (www.evisionnews.in): രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന ഉമര്‍ ഖാലിദടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ രാത്രി ഡല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. തിങ്കളാഴ്ച ജെ.എന്‍.യു അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സാനിധ്യത്തില്‍ ഇവര്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ഇവരെ അറസ്റ്റു ചെയ്യാനായി പോലീസിന്റെ വന്‍ സംഘവും സ്ഥലത്തെത്തിയതോടെ കാമ്പസില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റിനെതിരെ കാമ്പസിനകത്തും പുറത്തും പ്രക്ഷോഭം തുടരുന്നതിനിടെയാണ് കനയ്യ കുമാറിനൊപ്പം രാജ്യദോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികള്‍ കാമ്പസിലെത്തുന്നത്. ഒമര്‍ ഖാലിദിന് പുറമെ, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, മുന്‍ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണ്‍, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരായിരുന്നു സംഘത്തില്‍.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇവരും ചേര്‍ന്നു. വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി വന്‍ പോലീസ് സംഘം എത്തി. കാമ്പസിന് പുറത്തിറങ്ങിയാല്‍ മാത്രമെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയുള്ളൂ എന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. പക്ഷേ കാമ്പസിനകത്ത് കയറാന്‍ ഡല്‍ഹി പോലീസ് അനുമതി തേടി.
ജെ.എന്‍.യു അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാത്രി രണ്ട് മണിയോടെ പോലീസ് സംഘം മടങ്ങി. തനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണെന്നും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒമര്‍ ഖാലിദ് സമരക്കാരെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഒമര്‍ ഖാലിദിന്റെ അഭിഭാഷകനും കാമ്പസിലെത്തിയിരുന്നു.
Post a Comment
0 Comments