Type Here to Get Search Results !

Bottom Ad

മിണ്ടാതിരിക്കുക അല്ലെങ്കില്‍ പുറത്തുപോവണമെന്ന് ഗവര്‍ണര്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി; നയപ്രഖ്യാപനം തുടരുന്നു


തിരുവനന്തപുരം (www.evisionnews.in): പതിമൂന്നാം കേരള നിയമസഭയുടെ അവസാനസമ്മേളനത്തിന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ സമാരംഭം കുറിച്ചു. സമ്മേളനം പതിനാല് ദിവസം നീണ്ടുനില്‍ക്കും. യുഡിഎഫ് സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് 12ന് മുഖ്യമന്ത്രിയാണ് അവതരിപ്പിക്കുക. 

അതേസമയം സോളാര്‍, ബാര്‍ വിവാദങ്ങള്‍ കൊടിമ്പിരി കൊണ്ടിരിക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നയപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷം മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. എന്നാല്‍ പ്രതിപക്ഷം നിശബ്ദരാവണമെന്നും അല്ലാത്ത പക്ഷം പുറത്തു പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. ഭരണഘടനാപരമായ ചുമതലയുള്ളതിനാല്‍ തനിക്ക് നയപ്രഖ്യാപന പ്രസംഗം വായിച്ചേ തീരൂവെന്നും സഹകരിക്കാന്‍ ഒരുക്കമല്ലെങ്കില്‍ പുറത്തു പോകാമെന്നും പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം നടത്താന്‍ തനിക്ക് ശേഷിയുണ്ട്. സമയമെടുത്തായാലും താനത് പൂര്‍ത്തിയാക്കും. നിങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു ഇനി സഹകരിക്കുക അല്ലെങ്കില്‍ പുറത്തു പോകുക പ്രതിപക്ഷത്തോടായി ഗവര്‍ണര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് പ്രതിപക്ഷം നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിക്കുകയും നിയമസഭക്ക് പുറത്ത് യുദ്ധസ്മാരക മന്ദിരത്തിനടുത്ത് ധര്‍ണ നടത്തുകയാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന സാഹചര്യത്തില്‍ സഭാസമ്മേളനം ഇനിയും പ്രക്ഷുബ്ദമാകാനാണ് സാധ്യത. സഭാസമ്മേളനത്തില്‍ സോളാര്‍, ബാര്‍കോഴ വിവാദങ്ങള്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അതേസമയം ലാവലിന്‍ കേസും കതിരൂര്‍ മനോജ് വധക്കേസും പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാനാണ് യുഡിഎഫ് നീക്കം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad