Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി റോഡ് നിര്‍മാണം നിലച്ചത് അറിഞ്ഞില്ലെന്ന കലക്ടറുടെ വെളിപ്പെടുത്തല്‍ വിവാദമായി

കാസര്‍കോട് (www.evisionnews.in) : കാഞ്ഞങ്ങാട് -കാസര്‍കോട് സംസ്ഥാന പാതയില്‍ കെഎസ്ടിപി നടത്തുന്ന പുനര്‍നിര്‍മാണ ജോലികള്‍ രണ്ടു ദിവസമായി നിലച്ചത് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിഞ്ഞില്ലെന്ന വെളിപ്പെടുത്തല്‍ വിവാദമാകുന്നു. 

ബുധനാഴ്ച വൈകിട്ട് ഏതാണ്ട് അഞ്ചു മണിക്ക് ശേഷം റോഡ് നിര്‍മ്മാണ പ്രവൃത്തി നിലച്ചത് സംബന്ധിച്ച വിവരങ്ങള്‍ തേടിയ ഇവിഷന്‍ ന്യൂസിനോടാണ് പ്രവൃത്തികള്‍ മുടങ്ങിയ വിവരം തനിക്കറിയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയത്. അപ്പോഴേക്കും പ്രവൃത്തികള്‍ മുടങ്ങിയിട്ട് 48 മണിക്കൂര്‍ പിന്നിട്ടിരുന്നു. ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച റോഡ് പദ്ധതിയാണ് ചന്ദ്രഗിരി റൂട്ടിലേത്. റോഡിനും പാലത്തിനും തറക്കല്ലിട്ട മൂന്ന് പതിറ്റാണ്ട് മുമ്പ് മുതല്‍ ഈ റൂട്ടിലൂടെ കടന്നുപോയവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഗതാഗത ക്ലേശം മൂലം ജനങ്ങള്‍ വട്ടംകറങ്ങുകയായിരുന്നു. 

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ചുമതല ഏറ്റെടുത്തത്. ഇതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇതും അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. ഇപ്പോള്‍ റോഡ് നിര്‍മ്മാണം മുടങ്ങിയത് തൊഴിലാളികള്‍ക്ക് കൃത്യമായി നല്‍കേണ്ട ശമ്പളവും ഓവര്‍ടൈം കൂലിയും സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ്. 

പ്രതികൂല കാലാവസ്ഥ മറികടന്നാണ് ഇവിടെ ജോലികള്‍ മുന്നേറുന്നത്. തൊഴിലാളികള്‍ ഭൂരിഭാഗവും അന്യ സംസ്ഥാനക്കാരാണ്. ഇവരെ ചൂഷണം ചെയ്യാനാണ് കരാറുകാരുടെ സംഘം തുനിഞ്ഞത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കരാറുകാരന്‍ റോഡ് പണി നിര്‍ത്തിവെച്ച് ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചത്. ഈ വിവരം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറാണ് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ... എന്ന മട്ടില്‍ മറുപടി പറയുന്നത്. 

കുമ്പള, ഉപ്പള റൂട്ടില്‍ മാസങ്ങളായി ദേശീയപാതയില്‍ ഗതാഗതം മുടങ്ങിയപ്പോഴും കാഞ്ഞങ്ങാട് ദേശീയപാത തകര്‍ന്ന് തരിപ്പണമായപ്പോഴും ഇതു തന്നെയായിരുന്നു കലക്ടറുടെ നിലപാട്. ഒടുവില്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ശക്തമായി ഇടപെട്ടപ്പോഴാണ് കലക്ടര്‍ ഉറക്കമുണര്‍ന്ന് സക്രിയമായത്. 

Post a Comment

0 Comments

Top Post Ad

Below Post Ad