Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടുകാരെ ഉപ്പുവെള്ളം കുടിപ്പിക്കാന്‍ രാഷ്ട്രീയ -കോണ്‍ട്രാക്ടര്‍ കൂട്ടുകെട്ട്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടുകാരെ ഇക്കുറിയും ഉപ്പുവെള്ളം കുടിപ്പിക്കാന്‍ രാഷ്ട്രീയനേതൃത്വവും ഇവരുടെ ഫണ്ടിലേക്ക് പണമൊഴുക്കുന്ന കരാര്‍ സംഘവും ഇതിന് ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥ വിഭാഗവും അലിഖിത തീരുമാനത്തിലെത്തിയത് പുറത്തുവന്നു. ഏറ്റവുമൊടുവില്‍ ബാവിക്കരയിലെ സ്ഥിരം തടയണ നിര്‍മാണത്തില്‍ നിന്ന് കരാറുകാരന്‍ പിന്മാറിയതോടെ ഇനി കാസര്‍കോട്ടുകാര്‍ക്ക് ഉപ്പുവെള്ളം അല്ലാതെ മറ്റൊരു ഗതിയുമില്ലെന്ന് ഉറപ്പായി. അതേസമയം താന്‍ എം.എല്‍എ ആകുന്നതിന് മുമ്പും ശേഷവും കാസര്‍കോട്ടെ മുഖ്യപരിഗണനാ വിഷയങ്ങളിലൊന്നായാണ് ഉപ്പുവെള്ള പ്രശ്‌നത്തെ കാണുന്നതെന്നും ഇക്കഴിഞ്ഞ ദിവസം താനും കെ കുഞ്ഞിരാമന്‍ എംഎല്‍എയും ചേര്‍ന്ന് ഇക്കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഇതിനൊരു ശാശ്വത പരിഹാരത്തിന് പോംവഴി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും എന്‍.എ നെല്ലിക്കുന്ന് ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു.
1993ല്‍ 95ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കിയ തടയണ നിര്‍മാണം 2016 ആകുമ്പോഴേക്കും 23 കോടിരൂപ പിന്നിട്ട് പൊതുമരാമത്ത് നിര്‍മാണ ചരിത്രത്തില്‍ അഴിമതിയുടെ പുതിയ അധ്യായം തുറന്നു കഴിഞ്ഞു. ഈ തുകയത്രയും ബാവിക്കരപ്പുഴയില്‍ കടലില്‍ കായം കലക്കിയത് പോലെയായി. തട്ടിപ്പ് നടത്തിയും വെട്ടിപ്പ് നടത്തിയും ഊറ്റിയെടുത്ത തുക കരാറുകാരന്റെ കീശയിലേക്കാണ് ഒഴുകിയെത്തിയത്. കരാറുകാരന്‍ ഈ വെട്ടിപ്പിന്റെ ഒരു വിഹിതം ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും കൈക്കൂലി പണ്ടാരങ്ങളും ജനശത്രുക്കളുമായ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി എത്തിച്ചു കൊടുക്കുന്നുണ്ടെന്നതും പരസ്യമായ രഹസ്യം.
ബാവിക്കരയില്‍ സ്ഥിരം തടയണ ഉയരുന്നത് കാസര്‍കോട്ടെ കരാര്‍ ലോബി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. എല്ലാ വര്‍ഷവും മണല്‍ചാക്കുകള്‍ കൊണ്ട് തടണ കെട്ടിയും അതുമല്ലെങ്കില്‍ മറ്റൊരു നിര്‍മാണത്തിന്റെപേരില്‍ തരികിട പണികള്‍ കാട്ടിക്കൂട്ടി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കാനാണ് കരാറുകാരുടെ അജണ്ട. ഇത് ജില്ലയിലെ രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം കാലം കാസര്‍കോട്ടുകാരുടെ ഗതി ഉപ്പുവള്ളം കുടിക്കല്‍ തന്നെയാണ്.

Keywords: Kasaragod-news-thadayana-bavikkara

Post a Comment

0 Comments

Top Post Ad

Below Post Ad