Type Here to Get Search Results !

Bottom Ad

മില്‍മ രജതജൂബിലി ആഘോഷം മന്ത്രി കെ.സി ജോസഫ് 14ന് മാവുങ്കാലില്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്:(www.evisionnews.in) മില്‍മ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാവുങ്കാലിലെ കാസര്‍കോട് ഡയറിയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ടെന്‍ഡര്‍ കോക്കനട്ട് ഐസ്‌ക്രീം വിപണിയില്‍ ഇറക്കലും ക്ഷീരവികസന സാംസ്‌കാരിക വകുപ്പ് -വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ് ഈ മാസം 14 ന് രാവിലെ 11 ന് മാവുങ്കാല്‍ മില്‍മ ഡയറിക്കു സമീപം പഞ്ചായത്ത് സ്റ്റേഡിയത്തില്‍( ഡോ. വര്‍ഗീസ് കുര്യന്‍ നഗര്‍) നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും. കാര്‍ഷികോല്‍സവവും മന്ത്രി ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വനിതകള്‍ക്കുളള മില്‍മ ഐസ്‌ക്രീം കനോപി വാഹനത്തിന്റെ താക്കോല്‍ദാനവും ഡയറിയിലെ ഡീപ്പ് ഫ്രീസര്‍ യൂണിറ്റിന്റെ ഉദ്ഘാടനവും പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, തദ്ദേശഭരണസ്ഥാപന, ക്ഷീരസംഘം പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് ഈ മാസം 12,13,14 തീയ്യതികളില്‍ സൗജന്യ മെഡിക്കല്‍ നേത്ര പരിശോധന ക്യാമ്പ്, 12,13 തീയ്യതികളില്‍ കാര്‍ഷിക പ്രദര്‍ശനം, 12 ന് ജൈവകാര്‍ഷിക സെമിനാര്‍, ഗ്രാമോത്സവം, വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad