കാസർകോട്:(www.evisionnews.in) മംഗലാപുരം എയർപോട്ടിൽ തുടർന്നു വരുന്ന ഉദ്യോഗസ്ഥ
പീഢനത്തിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാൻ
നിർബന്ധിതരാവുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
എം.സി.ഖമറുദ്ദീൻ പറഞ്ഞു.
പ്രത്യേകിച്ചും ഉത്തരകേരളത്തിൽ നിന്നുള്ള യാത്രക്കാരോടാണ് ഉദ്യോഗസ്ഥരുടെ
പരാക്രമം നടത്തുന്നത് വൻതുക ശമ്പളംപറ്റുന്നവർ മതിയായ സേവനം ജനങ്ങൾക്ക്
നൽകുന്നില്ലെന്ന് മാത്രമല്ല യാത്രക്കാരെ കൊള്ളയടിക്കുന്ന ഔദ്യോഗിക
കൊള്ളക്കാരായി വിലസുകയാണ് .
കോഴിക്കോട് എയർപോർട്ടിൽ ഹക്കിം റുബയെന്ന യാത്രക്കാരനോട് ക്രൂരമായി
പെരുമാറിയ സംഭവവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം രജ്ഞി താരം
അസ്ഹറുദ്ദീനേയും മംഗലാപുരം എയർപോർട്ടിൽ വെച്ച് ഇത്തരത്തിൽ
പീഢിപ്പിച്ചു.പാവങ്ങളായ പല യാത്രക്കാരും സഹിച്ച് മിണ്ടാതിരിക്കുന്നത്
കൊണ്ടാണ് പല വാർത്തകളും പുറം ലോകം കാണാത്തത്.പാസ്പോർട്ടിലെ വിസപേജ്
കീറിക്കളഞ്ഞ് പലരുടേയും ഗൾഫ് ജീവിതം തന്നെ വഴി മുടക്കിയ ഒട്ടേറെ സംഭവങ്ങൾ
ഇവിടെ ഉണ്ടായിട്ടുണ്ട്. ഹക്കിം റുബയുടെ വിഷയം വന്നപ്പോൾ അത്തരത്തിൽ ഇനി
ഉണ്ടാവില്ലെന്ന് ഉന്നതങ്ങളിൽ നിന്ന് ഉറപ്പ് നൽകിയതാണ്. എന്നിട്ടും
യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും സാമ്പത്തിക കൊള്ള
തുടരുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ എയർപോർട്ട്
മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഖമറുദ്ദീൻ
മുന്നറിയിപ്പ് നൽകി.
Post a Comment
0 Comments