Type Here to Get Search Results !

Bottom Ad

കന്നടഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താല്‍പര്യമില്ലെന്ന പ്രചരണം അടിസ്ഥാന രഹിതം: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ


കാസര്‍കോട്(www.evisionnews.in)കാസര്‍കോട്ടെ കന്നടഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും താല്‍പര്യമില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കന്നട ഭാഷാ സംസാരിക്കുന്നവരുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും ജാഗ്രതയും, അനുകൂല നിലപാടും സ്വീകരിച്ചിട്ടുണ്ട്.
2015 ലെ മലയാള ഭാഷാ (വ്യാപനവും, പരിപോഷണവും) ബില്ലുമായി ബന്ധപ്പെട്ട ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചരണം ദുഷ്ട ലാക്കോടുകൂടിയാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കന്നട ന്യൂനപക്ഷങ്ങളുടെ വികാരം സര്‍ക്കാരിനെതിരെ തിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കാസര്‍കോട്ടെ കന്നട ഭാക്ഷാ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏതെങ്കിലും ഒരു പ്രത്രേക രാഷ്ട്രീയ പാര്‍ട്ടിയുടേതല്ല.

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇക്കാലമത്രയും ഭാക്ഷാന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഇനിയും അതു തുടരും എം എല്‍ എ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കള്ള പ്രചരണം നടത്തി കന്നട ഭാക്ഷാ ന്യൂനപക്ഷങ്ങളുടെ വികാരങ്ങള്‍ ഇളക്കിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുമെന്നും എന്‍ എ പറഞ്ഞു.

2015 ലെ മലയാള ഭാഷബില്‍ നിയമ സഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എം.എല്‍.എ മാര്‍ നിശബ്ദദപാലിച്ചു എന്ന് പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധമാണ്. ഈ ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ അവതരിപ്പിച്ച് കാസര്‍കോട്ടെ കന്നടഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പര്യത്തോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തപ്രകാരമുള്ള 2015 ലെ മലയാള ഭാഷാ ബില്ലിലുള്ള ഭേദഗതി നോട്ടീസ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പതിമൂന്നാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍ രണ്ട് പ്രധാനപ്പെട്ട ഭേദഗതികള്‍ താന്‍ അവതരിപ്പിച്ചിരുന്നതായി എം.എല്‍.എ അറിയിച്ചു.

'എന്നാല്‍ ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മലയാള ഭാഷയോടൊപ്പം അതാത് സ്ഥലങ്ങളിലെ ന്യൂനപക്ഷ ഭാഷയും ഔദ്യോഗിക ഭാഷയെന്നപോലെ ഉപയോഗിക്കേണ്ടതാണ്.' 'എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ അവരുടെയും കൂടി അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങള്‍, അറിയിപ്പുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍ എന്നിവ അതാതു പ്രദേശത്തെ ന്യൂനപക്ഷ ഭാഷയിലും ആയിരിക്കേണ്ടതാണ്.' പ്രധാനപ്പെട്ട ഈ രണ്ടു ഭേദഗതികള്‍ സഭയില്‍ അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രിയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യാന്‍ കഴിഞ്ഞത് കാസര്‍കോട്ടെ ജനപ്രതിനിധി നിയമസഭയ്ക്കകത്തും പുറത്തും കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

നിയമസഭ ഭേദഗതിയോടെ പാസാക്കിയ ഗവര്‍ണര്‍ അംഗീകരിച്ച ബില്ലില്‍ കാസര്‍കോട്ടെ എം.എല്‍.എ അവതരിപ്പിച്ച ഭേദഗതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് സര്‍ക്കാര്‍ ഭാക്ഷാ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല എന്നതിന്റെ കൂടി തെളിവാണ്. സത്യം ഇതായിരിക്കെ തെറ്റിദ്ധാരണാ ജനകമായ പ്രചരണങ്ങള്‍ നടത്തി ഭാഷാ വികാരം ആളികത്തിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയണം. ഇരുട്ടില്‍ കരിമ്പൂച്ചയെ തേടുന്ന ഈ നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം വിലപോവില്ലെന്നും എന്‍ എ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അര്‍ഷാദ് വൊര്‍ക്കാടി എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad