Type Here to Get Search Results !

Bottom Ad

സിബിഐ ഖാസിയുടെ ആത്മാവിനോട് നീതി പുലര്‍ത്തുമോ...???


(കെപിഎസ് വിദ്യാനഗര്‍)
evisionnews

ആറാണ്ടുകള്‍ പിന്നിടുന്ന ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദൂരൂഹ മരണത്തിന്റെ കാരണം തേടി വീണ്ടും സിബിഐ ചെമ്പരിക്കയിലേക്ക് എത്തുമ്പോള്‍ സത്യം മറനീക്കി പുറത്തു വരുമെന്നും നീതി പുലരുമെന്നുമുളള ശുഭ പ്രതീക്ഷയിലാണ് നാടും സമൂഹവും.രാജ്യത്തെ പരമോന്നത സ്വതന്ത്ര അന്വേഷണ ഏജന്‍സി എന്നറിയപെടുന്ന സിബിഐ തെറ്റ് തിരുത്തുമെന്നു തന്നെയാണ് ജനങ്ങള്‍ വിശ്വസിക്കുന്നതും.കൂട്ടിലടച്ച തത്തയെന്നു നീതിപീഠം വിശേഷിപിച്ച ഏജന്‍സിക്ക് കോളിളക്കങ്ങള്‍ സൃഷ്ട്ടിച്ച പല കൊലപാതകങ്ങളുടെയും ചുരുളഴിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന സത്യം നില നില്‍ക്കുമ്പോഴും സിബിഐ എന്ന മൂന്നക്ഷരത്തിലുളള വിശ്വാസം പൊതുജനങ്ങള്ക്കിന്നും നഷ്ടമായിട്ടില്ല.അഭയ കേസ്,ചേകന്നൂര്‍ വധംഎന്നിവയില്‍ നിരന്തരം സിബിഐ മനപ്പൂര്‍വമോ അല്ലാതെയോ വരുത്തിയ പിഴവുകള്‍ ഏറെ ചര്‍ച്ച ചെയ്യപെട്ടതുമാണ്.അതേ സമയം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രശംസനീയമായ തെളിയിക്കലുകളും നടത്തി നേരിന്റെ പക്ഷം ചേരാനും അറിയാമെന്ന് സിബിഐ മനസ്സിലാക്കി തരുന്നുണ്ട്.ഇവിടെ ഇപ്പറഞ്ഞ ഇതേ സിബിഐ യുടെ ഒരു ടീം ഖാസി വധം അന്വേഷിച്ചിട്ടു മടങ്ങുകയുണ്ടായി.അതി ബുദ്ധിയെ വിട്ട് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത വാദഗതികളാണവര്‍ നിരത്തിയത്.അവര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച അവിശ്വസനീയമായ റിപോട്ടിനെ തളളിക്കളഞ്ഞു കൊണ്ടാണ് പുനരന്വേഷണം എന്ന ആവിശ്യം ബഹു ഹൈക്കോടതി അംഗീകരിചിരിക്കുന്നത്.  (www.evisionnews.in)

നീതി പീഠങ്ങള്‍ കൂടെയുണ്ടന്നു സാധാരണക്കാര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന ഉത്തരുവകള്‍ ആണ് ഈയിടെ ആയി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നത് പൊതു സമൂഹത്തെ നീതിനിര്‍വഹണ സംവിധാനത്തോട് കൂടുതല്‍ അടുപ്പിക്കുന്നു.

ആദ്യം ലോക്കല്‍ പോലീസും പിന്നെ ക്രൈംബ്രാഞ്ചും അവസാനം സിബിഐയും അന്വേഷിച് എങ്ങുമെത്താത്ത ഒരു കേസ് പുനരന്വേഷണത്തിനു കോടതി ഉത്തരവിടുമ്പോള്‍ ഇനി വരുന്ന സിബിഐ ടീം ആരായിരിക്കുമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ ആയിരിക്കുമോ അന്വേഷണം നടക്കുക എന്നും ജനങ്ങള്‍ ഉറ്റു നോക്കുന്നുണ്ട്.ശാസ്ത്രീയമായ രീതികളും അന്വേഷണ പരിധിയില്‍ വരുമ്പോള്‍ സത്യം തെളിയുക തന്നെ ചെയ്യും എന്നു നമുക്കാശ്വസിക്കാം.

കേരളത്തില്‍ നടന്ന പല ദുരൂഹ മരണങ്ങളുടേയും കാരണങ്ങള്‍ നമുക്കന്യമാണ്.ചിലത് തെളിവുകളുടെ അഭാവത്തില്‍ തെളിയിക്കാനാവുന്നില്ലങ്കില്‍ മറ്റു പലത് തെളിഞ്ഞിട്ടും ചില താല്‍പിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മറച്ചുവെക്കപെടുകയും തെളിവ് നശിപ്പിക്കപെടുകയും ചെയ്യുന്നു.ചില കൊലപാതകങ്ങള്‍ അപകട മരണങ്ങളായും മറ്റു ചിലത് ആത്മഹത്യകളായും ചിത്രീകരിക്കപെടുന്നു.ഖാസി വധ കേസിലും ഇത്തരം ശ്രമങ്ങളൊക്കെയും നടന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍.

മരണ ദിവസം തന്നെ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംശയങ്ങളുമായി കുടുംബം വരുമ്പോള്‍ തുടക്കം മുതല്‍ അന്വേഷണത്തില്‍ കൃതിമത്വം കാണിക്കാന്‍ അന്വേഷണ സംഘവും ശ്രമിച്ചു കൊണ്ടിരുന്നു.സിഎം ഇല്ലാതായാല്‍ സാമ്പത്തിക നേട്ടമുണ്ടാകുന്നവര്‍ ഉണ്ടായിരുന്നേക്കാം അധികാര ലാഭവും സ്ഥാന മോഹികളും ഈ കുത്സിത പ്രവര്‍ത്തിക്കു പിന്നിലുണ്ടായേക്കാം.അത്തരം കാപാലികര്‍ ചേര്‍ന്നു നടപ്പാക്കിയ കൊലപാതകം സമൂഹത്തിനു വരുത്തിവെച്ച നഷടങ്ങള്‍ക്ക് പകരമാവില്ല മറ്റൊന്നും,അത് കൊണ്ട് തന്നെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കൂടി ആവിശ്യമാണ്.

കൊലപാതകത്തിലേക്ക് ചൂണ്ടുന്ന സാഹചര്യ തെളിവുകളും പല സംശയങ്ങളും നിഗമനങ്ങളും കൂട്ടി വായിക്കലുമാകുമ്പോള്‍ കൊലയാളിയിലേക്കെത്താന്‍ അധിക ദൂരമൊന്നുമില്ല.ചില കൂട്ടി ചേര്‍ക്കലുകളും ശാസ്ത്രീയ തെളിവുകളും മതി അന്വേഷണ ഏജന്‍സിക്ക് കൊലപാതകികളിലേകെത്താന്‍.ഇതിനു പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ആണെന്നും രാഷ്ട്രീയ പിന്‍ബലം അവര്‍ക്കുണ്ടന്നും ഉറപ്പാണ്,അത് കൊണ്ടാണല്ലോ ആദ്യം അന്വേഷിച്ച സിബിഐ ടീമിനെ സ്വാധീനിക്കാന്‍ അവര്‍ക്കായതും.എന്നാല്‍ കാലം സാക്ഷി എന്നും എല്ലാം മറച്ചുവെക്കാനും രക്ഷപെടാനും ആര്‍ക്കുമായിട്ടില്ല.സത്യസന്തരായ ഒരു ടീം അന്വേഷണവുമായി മുന്നോട്ടു പോവുമ്പോള്‍ ഘാതകര്‍ നിയമത്തിനു മുന്നില്‍ ഒളിച്ചുകളി അവസാനിപ്പിക്കേണ്ടി തന്നെ വരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad