Type Here to Get Search Results !

Bottom Ad

ടി.പി. ശ്രീനിവാസനും നടന്‍ സിദ്ദിഖും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായേക്കും


തിരുവനന്തപുരം (www.evisionnews.in): എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെയും ചലച്ചിത്ര നടന്‍ സിദ്ദിഖിനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ടി.പി. ശ്രീനിവാസന്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലും സിദ്ദിഖിനെ ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തിലും മത്സരിപ്പിക്കുമെന്നാണ് അഭ്യൂഹം. 

നേമം മണ്ഡലം കഴിഞ്ഞതവണ ഘടകകക്ഷിയായ ജെ.ഡി.യുവിനാണ് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ആ മണ്ഡലം വേണ്ടെന്നും തിരുവനന്തപുരത്ത് വാമനപുരം പോലുള്ള ഏതെങ്കിലും മണ്ഡലം മതിയെന്നുമാണ് ജെ.ഡി.യു ആവശ്യം. ജെ.ഡി.യുവിന്റെ ആവശ്യം അംഗീകരിച്ചാല്‍ നേമം മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കും.

സി.പി.എമ്മിലെ വി. ശിവന്‍കുട്ടിയാണ് നേമത്തെ സിറ്റിംഗ് എം.എല്‍.എ. അദ്ദേഹം വീണ്ടും അവിടെ മത്സരിക്കും. ബി.ജെ.പിയും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണിത്. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരും ഇവിടെയുണ്ട്. 

കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ ടി.പി. ശ്രീനിവാസന് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ദേശീയതലത്തില്‍തന്നെ വലിയ എതിര്‍പ്പുയര്‍ന്ന സംഭവമായിരുന്നു അത്. സി.പി.എം നേതാക്കളും സംഭവത്തെ അപലപിച്ചിരുന്നു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ സംഭവമായി കണ്ട് കോണ്‍ഗ്രസ് ഇതിനെ വലിയ ചര്‍ച്ചയാക്കിയിരുന്നു. അതിനാല്‍, ടി.പി. ശ്രീനിവാസനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും കോണ്‍ഗ്രസിനുണ്ടാകാം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad