Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് സേവനങ്ങള്‍ ഐഎസ്ഒ നിലവാരത്തില്‍ റോഡിലെ കുഴികള്‍ അടക്കാന്‍ ഹലോ എഞ്ചിനീയര്‍ പദ്ധതി

കാസറഗോഡ് (www.evisionnews.in)
ജില്ലാ പഞ്ചായത്ത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരമുളളതാക്കി ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് നടപടി സ്വീകരിക്കാന്‍ 2016-17 വാര്‍ഷിക പദ്ധതി  വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗത്തില്‍ പ്രാഥമിക രൂപരേഖ തയ്യാറാക്കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.  കിട്ടിയ ഫണ്ട് കൃത്യമായി  വിനിയോഗിക്കുന്നതില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക്  ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലഭിച്ച രണ്ടു കോടി രൂപയുടെ ഫണ്ട് ഉടന്‍ ചെലവഴിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.പൊതുജനങ്ങള്‍ക്കുളള സേവനങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം.
ജില്ലാപഞ്ചായത്തിന്റെ അധീനതയിലുളള റോഡുകളില്‍ ചെറിയ കുഴികള്‍ രൂപപ്പെട്ടാലുടന്‍ പരിഹരിക്കുന്നതിന് ഹലോ എഞ്ചിനീയര്‍ പദ്ധതിക്ക് രൂപം നല്‍കും. പൊതുജനങ്ങള്‍ക്ക്  ഓണ്‍ലൈനായും  ഫോണിലൂടെയും  വിവരം കൈമാറാനുളള സംവിധാനമാണിത്. ജില്ലാപഞ്ചായത്തിന്റെ  മാതൃക റോഡുകളുടെ പ്രവര്‍ത്തനം  പൂര്‍ണ്ണതയിലെത്തിക്കും. റോഡുകള്‍ വീതികൂട്ടി ഗതാഗത യോഗ്യമാക്കും. തദ്ദേശീയ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ  പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ച് പരിപാലിക്കുന്ന ഹരിതപാത പദ്ധതിക്ക് പ്രാഥമിക രൂപമായി. ഉല്പാദന മേഖലയില്‍ സമ്പൂര്‍ണ്ണ ജൈവകൃഷി ജില്ലയായി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും. സ്വയംപര്യാപ്ത ഉല്പാദന മേഖലയാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്.  പ്രാഥമിക വിദ്യാഭ്യാസ മേഖല മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഗുണനിലവാരം ഉയര്‍ത്തും. വിദ്യാലയങ്ങളെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് വളര്‍ത്തുകയാണ് ലക്ഷ്യം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓരോ ഗ്രാമപഞ്ചായത്തിലും നാല് വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. തണല്‍ പദ്ധതിയില്‍ ഇതിനകം അനുവദിച്ച വീടുകള്‍ക്ക് പുറമെയാണിത്. ചട്ടഞ്ചാലിലെ ജില്ലാപഞ്ചായത്ത് അധീനതയിലുളള പത്തേക്കര്‍ ഭൂമിയില്‍ ഐ ടി പാര്‍ക്ക് സ്ഥാപിക്കും.  ജില്ലയില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഉദ്ദേശമുണ്ട്. ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ നടപ്പിലാക്കുന്ന സോളാര്‍ പദ്ധതിയില്‍ ഉല്പാദിപ്പിക്കുന്ന 75 കെ വി വൈദ്യുതിയില്‍ ബാക്കിവരുന്ന ഊര്‍ജ്ജം  കെ എസ് ഇ ബി ക്ക് കൈമാറും. ഘടകസ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.
ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ സമ്പൂര്‍ണ്ണമായും കുടിവെളളം ലഭ്യമാക്കുന്നതിന്  വാര്‍ഷിക പദ്ധതിയില്‍ നടപടിയെടുക്കും. സംസ്ഥാനത്തിന് മാതൃകയാവുന്നവയാണ് ഈ പദ്ധതികള്‍. വനിതാക്ഷേമത്തിനായി വികസനഫണ്ടില്‍ പത്തു ശതമാനം തുക വകയിരുത്തും.  ഇതില്‍ പത്ത് ശതമാനം വിധവകളുടെ ക്ഷേമത്തിനായിരിക്കും.  അഞ്ച് ശതമാനം തുക പാലിയേറ്റീവ് കെയര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം, വൃദ്ധരുടെ സംരക്ഷണം എന്നിവയ്ക്ക് വകയിരുത്തും.  ഭിന്നശേഷിയുളളവര്‍ക്ക് സഹായോപകരണങ്ങള്‍ ലഭ്യമാകും.
ചെലവ് രഹിത പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, സീറോ വേസ്റ്റ് പദ്ധതികള്‍ ഈ വാര്‍ഷിക പദ്ധതിയില്‍ യാഥാര്‍ത്ഥ്യമാകും. കുടുംബശ്രീ ജില്ലാമിഷന്‍ സമര്‍പ്പിച്ച കര്‍മ്മപദ്ധതി  പരിശോധിച്ച് പദ്ധതികള്‍ തയ്യാറാക്കും. 15 വിഷയങ്ങളില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍  വിഭാഗങ്ങളായി  ചര്‍ച്ച ചെയ്താണ് രൂപരേഖ തയ്യാറാക്കിയത്. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ ആസൂത്രണ രൂപരേഖ അവതരിപ്പിച്ചു. 
ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശാന്തമ്മ ഫിലിപ്പ് സ്ഥിരം സമിതി  അധ്യക്ഷന്മാരായ അലി ഹര്‍ഷാദ് വോര്‍ക്കാടി, പാദൂര്‍ കുഞ്ഞാമു ഹാജി, അഡ്വ. ഇ പി ഉഷ, 
 ഫരീദ സക്കീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. എം ശ്രീകാന്ത്, എം കേളുപണിക്കര്‍, എം നാരായണന്‍, പുഷ്പ അമേര്‍ക്കള, മുംതാസ് സമീറ, പി വി പുഷ്പജ, ജോസ് പതാലില്‍, ഇ പത്മാവതി, സുഫൈജ ടീച്ചര്‍, പി സുബൈദ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ  വി പി ജാനകി (നീലേശ്വരം), വി ഗൗരി(കാഞ്ഞങ്ങാട്), ഓമനാരാമചന്ദ്രന്‍(കാറഡുക്ക), എ കെ എം അഷറഫ് (മഞ്ചേശ്വരം)  സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കണ്‍വീനര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ സംബന്ധിച്ചു.
key wods;dst-pnvhyth-iso

Tags

Post a Comment

0 Comments

Top Post Ad

Below Post Ad