Type Here to Get Search Results !

Bottom Ad

ജില്ലയില്‍ കൊതുക് നശീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും തുടരണം

കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ ഡെങ്കിപ്പനിയുള്‍പ്പെടെയുളള കൊതുകുജന്യ പകര്‍ച്ചവ്യാധികള്‍ കാണപ്പെടുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാതല അവലോകനസമിതി യോഗം തീരുമാനിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ 45 ഉം ഫെബ്രുവരിയില്‍ ഇതുവരെ 14 ഉം ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഡെങ്കി പനി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡുതല സമിതികള്‍ വിളിച്ചു ചേര്‍ത്ത് എന്‍ എസ് എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ വിവിധ സന്നദ്ധസംഘടനകളുടെയും യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കണമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. മഴക്കാലത്തു മാത്രം മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരിഹാരമാര്‍ഗമല്ലെന്നും അദ്ദേഹം പറഞ്ഞു. 

കെട്ടിട നിര്‍മ്മാണസ്ഥലങ്ങളിലും മലയോരങ്ങളിലെ കവുങ്ങ്, റബ്ബര്‍ തോട്ടങ്ങളിലും പാളകളിലും ചിരട്ടകളിലും മറ്റും വെളളം കെട്ടിക്കിടക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കണം. പട്ടണപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തേങ്ങതൊണ്ടുകള്‍ തുടങ്ങിയവ വലിച്ചെറിയുന്നത് കര്‍ശനമായി തടയണം.ടാങ്കുകളിലും കൊതുകിന്റെ കൂത്താടികള്‍ പെരുകാനുളള സാഹചര്യമുണ്ട്. 

യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ഇ മോഹനന്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുളള നടപടികള്‍ വിശദീകരിച്ചു. ഡി എം ഒ (ആരോഗ്യം) ഡോ. എ പി ദിനേശ് കുമാര്‍ സംസാരിച്ചു.ഡോ. എം സി വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വി എ രജ്ഞിത്ത്, ഡോ. ഇ വി ചന്ദ്രമോഹന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധരന്‍ നല്ലൂരായ, ഡോ.ബി നാരായണ നായ്ക്, ഡോ. സി ജ്യോതി, ഐ എം എ പ്രസിഡണ്ട് ഡോ. സി അബ്ദുള്‍ ഹമീദ്, ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ജില്ലാപട്ടികജാതി വികസന ഓഫീസര്‍ ആര്‍ തങ്കന്‍, ജില്ലാപട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, പ്രൊഫസ്സര്‍ എ ശ്രീനാഥ്, ഇ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ഡീനഭരതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad