Type Here to Get Search Results !

Bottom Ad

ഖാസികേസ്‌ :വിധി ചൊവ്വാഴ്‌ച

evisionnews

കൊച്ചി: (www.evisionnews.in)സമസ്‌ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനും സര്‍വ്വാദരണീയനുമായിരുന്ന ചെമ്പിരിക്ക ഖാസി സി.എം.അബ്‌ദുല്ല മൗലവി (77)യുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ അപേക്ഷയിന്മേല്‍ കോടതി ചൊവ്വാഴ്‌ച വിധി പറയും. സി.ബി.ഐ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ വിധി പ്രസ്‌താവിക്കുക. . കേസ്‌ അന്വേഷിച്ച സിബി.ഐ നിലപാടിലെ പല കാര്യങ്ങളും ശരിയല്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ഖാസിയുടെ മകന്‍ സി.എ.മുഹമ്മദ്‌ ഷാഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയതിനുശേഷമാണ്‌ സി.ബി.ഐയുടെ അപേക്ഷയിന്മേല്‍ വിധി പറയാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത്‌.

ഖാസികേസ്‌ അന്വേഷിച്ച സി.ബി.ഐയുടെ പല നിലപാടുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നും അശാസ്‌ത്രീയമായ വാദമാണ്‌ സി.ബി.ഐ നടത്തുന്നതെന്നും മുഹമ്മദ്‌ ഷാഫി നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഖാസിയുടെ കഴുത്തില്‍ കാണപ്പെട്ട മുറിവിനെക്കുറിച്ചും മൃതദേഹം കാണപ്പെട്ടതിന്റെ തലേന്നാള്‍ രാത്രി വീടിനു സമീപം എത്തിയ കാറിനെക്കുറിച്ചും വിശദമായി അന്വേഷിച്ചിട്ടില്ലെന്നും മകന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സംശയങ്ങളെല്ലാം നിരാകരിച്ചുകൊണ്ടുള്ള വാദമാണ്‌ സിബി.ഐ അഭിഭാഷകര്‍ കോടതിയില്‍ വിശദീകരിച്ചത്‌. തുടര്‍ന്നാണ്‌ ഹര്‍ജിയിന്മേല്‍ വിധി പറയാന്‍ തീരുമാനിച്ചത്‌. 2010 ഫെബ്രുവരി 15ന്‌ ആണ്‌ ഖാസിയെ ചെമ്പരിക്ക കടുക്കക്കല്ലിനു സമീപത്ത്‌ കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചകേസ്‌ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്നാണ്‌ സി.ബി.ഐയ്‌ക്കു കൈമാറിയത്‌.

keywords : qazi-case-cbi-police

Post a Comment

0 Comments

Top Post Ad

Below Post Ad