Type Here to Get Search Results !

Bottom Ad

തിരുകേശ വിവാദം: പാലോളിക്ക് കാന്തപുരം വിഭാഗത്തിന്റെ തുറന്നകത്ത്


കാസര്‍കോട്:(www.evisionnews.in) കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും വിമര്‍ശിച്ച് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയ പാലോളി മുഹമ്മദ് കുട്ടിക്കെതിരെ ഒരു വിഭാഗം രംഗത്ത്. പാലോളിക്ക് തുറന്ന കത്ത് എന്ന തലക്കെട്ടില്‍ ചോദ്യാവലികളടങ്ങുന്ന കത്താണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

' പാലോളി ഹൈദ്രുവിന്റെയും കാട്ടികുളങ്ങര ഖദീജയുടേയും മകനായി 1932 ല്‍ താങ്കള്‍ ജനിച്ചു. കണക്കുകള്‍ ശരിയാണെങ്കില്‍ താങ്കള്‍ക്ക് 85 വയസായി. താങ്കള്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കി എന്ന് പറയപ്പെടുന്ന അഭിമുഖത്തില്‍ താങ്കള്‍ കാന്തപുരം ഉസ്താദിനെയും അദ്ദേഹം പ്രധിനിതാനം ചെയ്യുന്ന പ്രസ്ഥാനത്തെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെയും അതികഠിനമായ ഭാഷയില്‍ വിമര്‍ശിച്ചതായി കണ്ടു. എന്നാല്‍ താങ്കളോട് ഒന്നു രണ്ട് കാര്യം ചോദിച്ചോട്ടെ. എന്ന് തുടങ്ങുന്ന പോസ്റ്റില്‍ പത്തോളം ചോദ്യങ്ങളാണ് പാലോളിയുടെ മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നത്. 

റസൂലിന്റെ മുടി ഉയര്‍ത്തിക്കാട്ടി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ നീക്കങ്ങള്‍ തനിക്ക് ശേഷം തന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള വരുമാനത്തിന് ഒരു മാര്‍ഗ്ഗം കണ്ടെത്തലായിരുന്നുവെന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശമാണ് കാന്തപുരം വിഭാഗത്തെ ചൊടിപ്പിച്ചത്. 'പണ്ട് കള്ളന്മാര്‍ക്ക് സംഘടന വേണ്ട. പണത്തിന്റെ ശക്തികൊണ്ടും ഗുണ്ടകളെക്കൊണ്ടും കാര്യങ്ങള്‍ നടക്കുമായിരുന്നു. ഇന്ന് പരിഷ്‌കൃതമായ കാലഘട്ടത്തില്‍ സംഘടനയുടെ മറവിലാണ് അതെല്ലാം സാധിക്കുന്നത്. അഴിമതിയും മറ്റും മൂടിവെക്കാനുള്ളതാണ് ഇന്ന് വെള്ളാപ്പള്ളിക്ക് സംഘടനയെന്നും എന്നാല്‍ മറ്റൊരു വിഭാഗം മതത്തെ വിപണിയാക്കുന്നവെന്നും പാലോളി അഭിമുഖ്യത്തില്‍ പറഞ്ഞിരുന്നു. 

കത്തിന്റെ പൂര്‍ണരൂപം: 

'ഈ കഴിഞ്ഞ 84 വര്‍ഷം താങ്കളുടെ ജീവിതത്തില്‍ സമൂഹത്തിന് വേണ്ടി എടുത്ത് പറയാന്‍ തക്കവണ്ണം താങ്കള്‍ എന്താണ് ചെയ്ത് കൊടുത്തത്. താങ്കളോ താങ്കളുടെ പാര്‍ട്ടിയോ കേരളത്തില്‍ എത്ര അനാഥ അഗതി മന്ദിരങ്ങള്‍ നടത്തുന്നുണ്ട്? എത്ര അനാഥകള്‍ നിങ്ങളുടെ സംരക്ഷണത്തില്‍ വളരുന്നുണ്ട്? എത്ര പേരുടെ വിശപ്പടക്കി? എത്ര പേര്‍ക്ക് വിദ്യാഭ്യാസം നല്‍കി? എത്ര പാവപെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തി?

വീടില്ലാത്ത എത്ര പാവങ്ങള്‍ക്ക് നിങ്ങള്‍ വീട് നിര്‍മ്മിച്ചു നല്‍കി? നിര്‍ധനരായ എത്ര രോഗികള്‍ക്കാണ് ചികിത്സാ സഹായം നല്‍കിയത്? ചോദിക്കാനാണ് എങ്കില്‍ ഒരു പാട് ചോദിക്കാനുണ്ട്..... 

........ ഞങ്ങള്‍ മര്‍ക്കസില്‍ പോകുന്നവരും അവിടെയുള്ള തിരുകേശം കണ്ടവരുമാണ്. ഞങ്ങള്‍ ഇന്നുവരെ തിരുകേശ വെള്ളം കിട്ടാന്‍ വേണ്ടി അവിടെ പണം കൊടുത്തിട്ടില്ല.

......... ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാന്തപുരം ഉസ്താദ് നടത്തുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. അതെല്ലാം ഞങ്ങളെ പോലുള്ള പ്രവര്‍ത്തകരും പ്രസ്ഥാന ബന്ധുക്കളും അഭ്യുദയകാംക്ഷികളും കൊടുക്കുന്ന പണം കൊണ്ട് തന്നെയാണ് നടക്കുന്നത്. അല്ലാതെ താങ്കളുടെ പാര്‍ട്ടിക്കാര്‍ ചെയ്യുന്നത് പോലെ ആരാന്റെ വീട് കുത്തി തുറന്ന് മോഷ്ടിച്ച് സംഘടന വിപുലീകരിക്കേണ്ട ഗതികേടൊന്നും കാന്തപുരം ഉസ്തദിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും ഇല്ല സഖാവെ..... അദ്ദേഹത്തിന്റെ കാലശേഷം ലക്ഷകണക്കിന് വരുന്ന ഈ അനാഥമക്കള്‍ എന്ത് ചെയ്യും എന്ന വേവലാതി മാത്രമാണ് സഖാവെ ഞങ്ങള്‍ക്കുള്ളത്. കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്‍ക്ക് സംരക്ഷിക്കാന്‍ കേവലം അഞ്ചു മക്കള്‍ മാത്രമല്ല ഉള്ളത്. ലക്ഷകണക്കിന് മക്കള്‍ അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇതൊന്നും താങ്കളെ പോലുള്ളവര്‍ക്ക് മനസിലാവും എന്ന് തോന്നുന്നില്ല. നിങ്ങളെ പോലുള്ള ആളുകള്‍ ഇതൊന്നും മനസിലാക്കാന്‍ ശ്രമിക്കാറില്ല എന്നുള്ളതാണ് സത്യം.

Post a Comment

0 Comments

Top Post Ad

Below Post Ad