Type Here to Get Search Results !

Bottom Ad

പ്രണയിപ്പൂ ഞാനെൻ പുന്നാരനബിയെ...

                               
                                                                                                       

-ഖയ്യൂം മാന്യ

ജീവനേക്കാളും പ്രിയപ്പെട്ട അനുരാഗത്തെക്കുറിച്ചാണ് എഴുതിത്തുടങ്ങേണ്ടത്‌. മരണത്തിന് ശേഷവും മണ്ണിലേക്ക്‌ അലിഞ്ഞ്‌ ചേരാത്ത ആത്മബന്ധത്തെ പകർത്തിവെക്കാൻ കയ്യിലുള്ളതാകട്ടെ, അർത്ഥശൂന്യമായ പദാവലിയും! ഹൃദയം താപം കൊള്ളുകയും മനസ്‌ ആർദ്രമാവുകയും ചെയ്യുന്ന തീരത്തേക്ക്‌, എങ്ങനെയാണ് അക്ഷരക്കൂട്ടങ്ങൾ ചിറക്‌ വിരിച്ചെത്തേണ്ടത്‌? കടലാസുതാളിലേക്ക്‌ പടർന്നൊഴുകുന്ന കണ്ണുനീർപുഴകൾ കടന്ന് വരാൻ, വാക്കുകൾക്ക്‌ ആരാണ് വഴി കാട്ടുക?(www.evisionnews.in)
ഇത്രമേൽ തീവ്രമായ വികാരങ്ങൾ അറിഞ്ഞിട്ടില്ല, ഇതിന് മുമ്പൊരിക്കലും. ആഹ്ലാദമൊട്ടും പകർന്ന് തരാത്ത ദുരനുഭവങ്ങളായിരുന്നു, പോയകാലത്തെ നിഷ്‌ഫലമായ സ്നേഹപ്രകടനങ്ങൾ! പക്ഷെ ഇതാകട്ടെ, ഉറങ്ങുമ്പോഴും ഹൃദയം സ്വലാത്ത്‌ ചൊല്ലുന്ന സാന്ദ്രമായ അനുഭൂതിയാണ്. ഭൂമിയിലെ സഫലമായ ഒരേയൊരു അഭിനിവേശമാണ്. ഇത്‌, എന്റെ പ്രവാചകനോടുള്ള പ്രണയമാണ്!(www.evisionnews.in)
പൗർണ്ണമിരാവ്‌ തോൽക്കുന്ന, മരതകം കണ്ണ് ചിമ്മുന്ന, താമരയിതളുകൾ നാണിച്ച്‌ പോകുന്ന എന്റെ പ്രവാചകനെയല്ലാതെ മറ്റാരെയാണ് ഞാൻ പ്രണയിക്കേണ്ടത്‌? പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം എന്നെക്കുറിച്ചോർത്ത്‌ കരഞ്ഞ കവിൾത്തടങ്ങൾ കാണാനായില്ലെങ്കിൽ, പിന്നെ എന്തിനാണീ ജീവിതം? ഇപ്പോഴും, മസ്ജിദുന്നബവിയിലെ പച്ചഖുബ്ബക്ക്‌ താഴെ അങ്ങെന്നെ കാത്തിരിക്കുകയാണോ?വിശുദ്ധഭൂമിയിലേക്കെത്താനുള്ള അഭിലാഷവുമായി എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്‌ അങ്ങറിയുന്നുവോ?

മനസ്‌ മദീനയിലേക്കുള്ള ഹിജ്‌റ തുടങ്ങിയിട്ട്‌ കാലമേറെയായി. ആ മരുഭൂമിയിലേക്കെത്താനാണ് ഉള്ള്‌ പൊള്ളുന്നത്‌. മണൽത്തരികളിൽ അലിഞ്ഞു ചേരാനാണ് ആത്മാവ്‌ ദാഹിക്കുന്നത്‌. കൈവന്ന സൗഭാഗ്യങ്ങളൊക്കെയും തിരികെ നൽകാം നാഥാ.. പകരമായി, പ്രേമഭാജനത്തിന് മുന്നിലേക്ക്‌ എന്നെയൊന്ന് എത്തിക്കുമോ നീ.. ചാരത്ത്‌ നിന്ന്, മതി വരുവോളം സലാം പറയാൻ.. ഹബീബ്‌ നടന്ന വഴികളിൽ മുഖം ചേർത്ത്‌ വെക്കാൻ.. സ്വർഗ്ഗത്തിന്റെ പൂന്തോപ്പിൽ ഹൃദയം പറിച്ച്‌ നടാൻ.. കണ്ണീരിന്റെ കാണിക്കയർപ്പിക്കാൻ.. ആയുസ്സും അഭിലാഷങ്ങളും എനിക്കവിടെ ഉപേക്ഷിക്കണം.. വിളി കേൾക്കുന്ന ദൂരത്ത്‌ എന്റെ പ്രിയപ്പെട്ടവനുള്ള മദീനയിൽ, സ്നേഹത്തിന്റെ രക്തസാക്ഷിയായി എനിക്ക്‌ മരിച്ച്‌ വീഴണം..
അനിയന്ത്രിതമായി നിറഞ്ഞൊഴുകുന്ന നൈർമല്യമാണ് പ്രവാചകൻ, സ്നേഹമല്ലാതെ മറ്റൊന്നും ആ മരുഭൂമിയിൽ തളിരിടുന്നില്ല. മോഹങ്ങളുടെ ഖിബ്‌ലയാണവിടം, കാറ്റ്‌ പോലും സാന്ത്വനത്തിന്റെ കുളിരായി പെയ്തിറങ്ങുന്ന ദേശം.. സ്വപ്നങ്ങൾ സഫലമാവുന്നതാണ് റൗളയുടെ മായാജാലം..അതിനുമപ്പുറം സങ്കൽപ്പിക്കാൻ കഴിയാത്തതാണ് മനുഷ്യന്റെ സർവഞ്ജപീഠം.. ഒരിക്കലും അവസാനിക്കാത്ത സ്നേഹവസന്തത്തിന്റെ ഭൂമികയാണത്‌, സ്വർഗ്ഗത്തിൽ നിന്ന് അടർന്ന് വീണ ഒരു തുണ്ട്‌!
അവിടെയാണ്, കണ്ണുകൾ വിസ്മയക്കാഴ്ച്ചകളിൽ തിളങ്ങിനിൽക്കേണ്ടത്‌. കണ്ണുനീർ, മഴയായി പെയ്തിറങ്ങേണ്ടത്‌. ഇഹലോകത്തെ ഏറ്റവും സംതൃപ്തമായ നിമിഷങ്ങൾ, മുത്ത്‌ നബിയുടെ അരികിലെത്തുന്ന നേരമാണ്. പിറന്ന് വീണപ്പോൾ കാതിൽ മുഴങ്ങിയ ആദ്യപേരുകളിലൊന്നിനെ, ദൈവികവിശ്വാസത്തിന്റെ പൂർണതയെ തേടിച്ചെല്ലുന്നിടത്ത്‌, ഞാനെന്റെ ആത്മാവിനെ എന്നേക്കുമായി മോചിപ്പിക്കും!(www.evisionnews.in)
എഴുതാനാവാത്ത കവിത പോലെ, കാലത്തിന് മീതെ പരന്നൊഴുകുകയാണ് ആ സ്നേഹം.. അത്‌ ഹൃദയത്തിലേക്കുള്ള വഴി കണ്ടെത്തുന്ന നേരം, യഥാർത്ഥമായ ആനന്ദം മനുഷ്യൻ അറിഞ്ഞ്‌ തുടങ്ങുന്നു. അമൂർത്തമായ സാഫല്യത്തിന്റെ സുഖം, എനിക്കും പകർന്ന് തരുമോ നബിയേ.. ഇരുട്ട്‌ നിറഞ്ഞ നാളുകളിൽ കൂട്ട്‌ നിൽക്കുമോ, എനിക്കൊപ്പം.. എന്റെ നിയോഗത്തിന് അർത്ഥം ചമയ്‌ക്കുമോ.. ഹൃദയവിലാപങ്ങൾക്ക്‌ മരുന്ന് കുറിക്കുമോ.. വഴി തെറ്റാതിരിക്കാൻ കാവൽ നിൽക്കുമോ.. കൺനിറയെ കാണാനുള്ള കാത്തിരിപ്പ്‌ സാക്ഷാത്‌കരിക്കുമോ..
അണമുറിയാത്ത പ്രവാചകസ്നേഹത്തേക്കാളും വിലപ്പെട്ട ഒരു നിധിയും ഈ ഭൂമുഖത്തില്ല. അത്രമേൽ ഇഷ്ടത്തോടെ എന്നെ ചേർത്തുപിടിച്ചിട്ടില്ല, മറ്റൊരാളും. എനിക്ക്‌ വേണ്ടിയായിരുന്നു, ഞാൻ ഉൾപ്പെടുന്ന കാലത്തിന് വേണ്ടിയായിരുന്നു, എന്റെ ഹബീബ്‌ മുള്ളുകൾ നിറഞ്ഞ വഴിയിലൂടെ നടന്ന് പോയത്‌. ഹബീബ്‌ കാണാൻ കൊതിച്ചത്‌ നമ്മെയായിരുന്നു. പ്രാർത്ഥിച്ചതും പ്രയത്നിച്ചതും എനിക്കും കൂടി സ്വർഗ്ഗം കിട്ടാനായിരുന്നു. എത്ര യുഗങ്ങൾ സ്വലാത്ത്‌ ചൊല്ലിയാലാണ് റബ്ബേ, ആ ത്യാഗത്തിന്റെ ഒരു അംശമെങ്കിലും എനിക്ക്‌ തിരിച്ച്‌ കൊടുക്കാനാവുക?(www.evisionnews.in)
ദൈവത്തിന്റെ സാന്നിധ്യത്തിൽ വിചാരണയുടെ തീക്ഷ്‌ണമായ ഒരു ദിനം വരാനുണ്ട്‌. സ്വശരീരത്തിന് വേണ്ടി മാത്രം മനുഷ്യകുലം വാവിട്ട്‌ കരയുന്ന നേരം.. പ്രതീക്ഷിച്ചെത്തുന്നവരെ ഇബ്രാഹിം പ്രവാചകനും ഈസാ പ്രവാചകനും നിസ്സഹായതയോടെ തിരിച്ചയക്കുന്ന രംഗം.. ബന്ധങ്ങളൊക്കെയും നഷ്‌ടപ്പെട്ട വേദനകളിലും, എനിക്ക്‌ വേണ്ടി സുജൂദ്‌ ചെയ്യാനുണ്ടാവുക തിരുനബി മാത്രമാണ്. പദവികൾ അപ്രസക്തമാകുമ്പോൾ അരികിലെത്തെണ്ടതും മുത്ത്‌ നബിയാണ്. ഹൗളുൽ കൗസറെന്ന വിശിഷ്ട പാനീയം പകർന്ന് തരാൻ, മറ്റൊരാൾക്കും അല്ലാഹു അവകാശം കൊടുത്തില്ലല്ലോ! സ്വർഗ്ഗത്തിലേക്ക്‌ കൈപിടിച്ച്‌ നടത്താൻ, അരികിൽ ചേർന്ന് നിൽക്കാൻ, കൊതി തീരാതെ ആ തിരുമുഖം ചുംബിക്കാൻ.. ഹബീബല്ലാതെ എനിക്കാരാണുള്ളത്‌?(www.evisionnews.in)
മരണത്തിന്റെ മാലാഖയോടും നബി ചോദിച്ചത്‌, നമ്മെപ്പറ്റി മാത്രമായിരുന്നു. എന്റെ സമൂഹം വേദന എങ്ങനെ സഹിക്കുമെന്നാണല്ലോ, അന്ത്യനേരത്തും അങ്ങ്‌ ആശങ്കപ്പെട്ടത്‌. ഞങ്ങളെക്കുറിച്ചോർത്താണല്ലോ, ഹബീബ്‌ കണ്ണീർ വാർത്തത്‌. ഇനി വരാനിരിക്കുന്ന മുഴുവൻ ഉമ്മത്തിന്റെയും മരണവേദന ഏറ്റുവാങ്ങാൻ ഒരുക്കമായിരുന്നല്ലോ, പ്രിയപ്പെട്ടവരേ.. എന്തിനാണ് അങ്ങ്‌ ഞങ്ങളെ ഇത്രയും സ്നേഹിച്ചത്‌.. അങ്ങയിലേക്ക്‌ അണയാൻ എനിക്ക്‌ തിടുക്കമേറുന്നു. എന്നെ വിളിക്കുമോ, ഒന്ന് അരികിലേക്ക്‌..
സ്വപ്നങ്ങളിൽ മയൂരസിംഹാസനം ഒരുക്കിവെച്ച്‌, എത്ര നാളുകളായി ഹബീബെ ഞാൻ കാത്തിരിക്കുന്നു. മാലാഖമാരുടെ ചിറകിലേറി പറന്നെത്തുമോ ഈ രാവിലെങ്കിലും.. ഭൗതികതയുടെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കുമോ എന്റെ മനസിനെ.. അഭിവാദനം ചെയ്യുമോ എന്റെ സലാമിന്.. സങ്കടങ്ങൾക്ക്‌ ദിവ്യൗഷധം പകരുമോ.. പ്രണയത്തിന്റെ തുഷാരകണങ്ങളായി പെയ്‌തിറങ്ങുമോ..നോവുകൾ തീർക്കുമോ, മനം കുളിർപ്പിക്കുമോ..
കിനാവിൽ നബിയെ കാണുന്നതാണ് ആഗ്രഹങ്ങളുടെ നുബുവ്വത്ത്‌.. ജീവിതാഭിലാഷം പൂർത്തീകരിക്കുന്ന ആ ദിവസത്തിന് വേണ്ടിയാണ് ഹൃദയത്തിന്റെ മൗലീദുകൾ.. കണ്ണീരിൽ കുതിർന്ന സ്വലാത്തിന്റെ പുഷ്‌പവീഥികളിലൂടെ നടന്നെത്തേണ്ടത്‌ തിരുമുമ്പിലേക്കാണ്. അവിടെ സമർപ്പിക്കാൻ ഈ നിർഭാഗ്യവാന്, ഒഴിഞ്ഞ കരങ്ങളും നിറഞ്ഞ സ്നേഹവും മാത്രമേയുള്ളൂ ഹബീബെ..
ബിലാലിനെപ്പോലെ സ്നേഹത്തിന്റെ അഗ്നിഗോളമാവാൻ എനിക്ക്‌ ഭാഗ്യമില്ല. അനസിനെ പോലെ നിഴലായി നടക്കാൻ കാലം അനുവദിച്ചില്ല. അബൂബക്കർ സഹിച്ച ത്യാഗം അനശ്വരമാണ്. ഉമറിന്റെ വാൾത്തലയേക്കാൾ തീവ്രമായ ഇഷ്ടം തുല്യതയില്ലാത്ത ചരിത്രമാണ്. ഖുബൈബിന്റെ ജീവത്യാഗത്തേക്കാളും ആത്മാർത്ഥമായി അനുരാഗത്തെ ആവിഷ്‌കരിക്കാൻ മറ്റൊരാൾക്ക്‌ കഴിയില്ലെന്നും തീർച്ചയാണ്. ഹൃദയരക്തം ഒഴുകിച്ചേർന്ന ഈ സ്നേഹക്കടലിന് മുന്നിൽ, ഞാൻ വെറും കാഴ്ച്ചക്കാരൻ മാത്രമാണല്ലോ! പക്ഷെ, ചെന്നണയാൻ ഇതല്ലാതെ മറ്റൊരു തീരം എനിക്കില്ല ഹബീബെ.. കാണാതെ പോകരുതേ ഞാൻ വെച്ചു നീട്ടിയ പ്രണയത്തിന്റെ പാനപ്പാത്രം..

Tags

Post a Comment

0 Comments

Top Post Ad

Below Post Ad