Type Here to Get Search Results !

Bottom Ad

കോളജ് ഉടമയുടെ പീഡനം: മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

ചെന്നൈ (www.evisionnews.in): കൂടുതല്‍ ഫീസ് ആവശ്യപ്പെട്ട് സ്വകാര്യ കോളജ് ഉടമകള്‍ തുടരുന്ന പീഡനത്തില്‍ പൊറുതിമുട്ടിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി. വിഴുപുരം എസ്.വി.എസ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ യോഗ -നാച്വറോപതി വിദ്യാര്‍ത്ഥിനികളായ ശരണ്യ, പ്രിയങ്ക, മോനിഷ എന്നീ വിദ്യാര്‍ത്ഥിനികളാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവരമറിഞ്ഞ് രോഷാകുലരായ പ്രദേശവാസികള്‍ കോളജിന് മുമ്പില്‍ തടിച്ചു കൂടിയിട്ടുണ്ട്. സംഘര്‍ഷ ഭീതിയെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അതിനിടെ വിദ്യാര്‍ത്ഥികള്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ തങ്ങളുടെ മരണത്തിന് ഉത്തരവാദി കോളജ് ഉടമ വാസുകിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരമറിഞ്ഞ വാസുകി ഒളിവില്‍ കടന്നു. 

ആറു ലക്ഷം രൂപ പ്രവേശനഫീസ് നല്‍കിയാണ് വിദ്യാര്‍ത്ഥിനികള്‍ പഠനത്തിന് ചേര്‍ന്നത്. കൂടുതല്‍ ഫീസ് ആവശ്യപ്പെട്ടാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനികളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. പഠനത്തിനുപരി മെഡിക്കല്‍ കോളജിലെ വിവിധ ജോലികള്‍ക്കായി വിദ്യാര്‍ത്ഥികളെ നിയോഗിക്കുന്നതിനായിരുന്നു മാനേജ്‌മെന്റിന് താല്‍പര്യം. വാങ്ങിയ പണത്തിന് കൃത്യമായി രസീതി നല്‍കിയിരുന്നില്ല. ഇത് ചോദ്യം ചെയ്തപ്പോള്‍ വാസുകി വിദ്യാര്‍ത്ഥിനികളെ അപമാനിക്കുകയായിരുന്നു. കോളജിലെ പഠന സൗകര്യങ്ങള്‍ അങ്ങേയറ്റം പരിതാപകരമാണ്. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിദ്യാര്‍ത്ഥി സമരം നടന്നിരുന്നു. സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പലരും ആത്മഹത്യക്ക് ശ്രമിച്ചു. എലിവിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad