Type Here to Get Search Results !

Bottom Ad

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലും ദളിത് പീഡനം -പിണറായി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് പീഡനമുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളിയാഴ്ച പാര്‍ട്ടി മുഖപത്രത്തില്‍ വന്ന വാര്‍ത്ത ഏറ്റുപിടിച്ചാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ നടന്നതിന് സമാനമായ ദളിത് പീഡനം കാസര്‍കോട് സര്‍വകലാശാലയിലും രൂക്ഷമാണെന്ന് പിണറായി വിശദീകരിക്കുന്നത്.

നവകേരളമാര്‍ച്ചിന് മുന്നോടിയായി രാവിലെ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കാസര്‍കോട്ടെ ദളിത് പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പാര്‍ട്ടി മുഖപത്രത്തില്‍ ഉള്‍പേജില്‍ വന്ന വാര്‍ത്ത പിണറായി ഏറ്റുപിടിച്ചതോടെ കേന്ദ്രസര്‍വകലാശാലയിലെ ദളിത് പീഡനം ദൃശ്യമാധ്യമങ്ങളിലും വന്‍ വാര്‍ത്തയായി മാറി.



പാര്‍ട്ടി മുഖപത്രം പറയുന്നത്: സര്‍വകലാശാലയുടെ ഭരണം നിയന്ത്രിക്കുന്ന ചിലര്‍ക്ക് ഇഷ്ടമില്ലാത്ത വിദ്യര്‍ഥികളെ പിഎച്ച്ഡി രജിസ്്‌ട്രേഷന്‍ നല്‍കുന്നതിലുള്‍പ്പെടെ കടുത്ത വിവേചനം കാണിക്കുന്നതായാണ് പരാതി. ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയാകുന്നവരില്‍ ഭൂരിപക്ഷവും. ഫെലോഷിപ്പ് കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.

സര്‍വകലാശാലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും. നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും തുടര്‍പഠനത്തിന് അവസരം ഒരുക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി. വകുപ്പ് മേധാവികളുടെ പ്രതികാര നിലപാടില്‍ രണ്ടു ദളിത് വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ലെന്ന പരാതിയുണ്ട്. ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയുടെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ വകുപ്പ് മേധാവി ഒപ്പിടാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനാകുന്നില്ല. മറ്റൊരാള്‍ വകുപ്പ് മേധാവിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത്് എംഫില്‍ പേപ്പര്‍ സമര്‍പ്പിച്ചില്ല.

സര്‍വകലാശാല ഗവേഷണകേന്ദ്രമായി തൃശൂരിലെ കിലയെ തീരുമാനിച്ചിരുന്നു. ഇതിന് യുജിസിയുടെ അംഗീകാരമില്ലെന്ന വിവരം പുറത്തുവന്നതോടെ ഇവിടെയുള്ള വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഫെലോഷിപ്പും നല്‍കുന്നില്ല. മാസം 8,000 രൂപയാണ് നല്‍കേണ്ടത്. ഹൈക്കോടതി വിധിയിലൂടെ പിഎച്ച്ഡി പ്രവേശനം നേടിയ പയ്യന്നൂര്‍ സ്വദേശി പി വി അനൂപിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ച് രജിസ്ട്രാറുടെ ചുമതലയുള്ള അധ്യാപകന്‍ കില ഡയറക്ടര്‍ക്ക് കത്തയച്ചു. അനൂപ് കേന്ദ്രസര്‍വകലാശാലയിലാണ് എംഫില്‍ ചെയ്തത്.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിനാണ് ചേര്‍ന്നതെങ്കിലും കൂടെയുണ്ടായിരുന്ന ചിലര്‍ക്കുമാത്രം രജിസ്‌ട്രേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ഗ്‌ളോബല്‍ സ്റ്റഡീസ് സ്‌കൂളിനുകീഴിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പിലാണ് ഇയാള്‍ക്ക് പിഎച്ച്ഡി രജിസ്‌ട്രേഷന്‍ നല്‍കിയത്. കിലയെ ഗവേഷണകേന്ദ്രമായി അംഗീകരിച്ചു. ഇതിനുള്ള രേഖകള്‍ ഈ വിദ്യാര്‍ഥിയുടെ കൈയിലുണ്ട്. അനൂപ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ വിദ്യാര്‍ഥിയല്ലെന്നും അനധികൃതമായി കാസര്‍കോട്ടെ ഹോസ്റ്റലില്‍ മുറി കൈവശംവച്ചിരിക്കുകയാണെന്നും കാണിച്ച് കില ഡയറക്ടര്‍ക്ക് കത്തയക്കുകയായിരുന്നു.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സിന് ചേര്‍ന്ന മലപ്പുറം സ്വദേശിനി ഫാത്തിമക്ക് ഒരു വര്‍ഷമായിട്ടും പിഎച്ച്ഡി രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ലീവെടുത്താണ് ഇവര്‍ പഠിക്കാനെത്തിയത്. പരാതിയുന്നയിക്കാന്‍ വൈസ് ചാന്‍സലര്‍ അവസരം നല്‍കുന്നില്ല. കാസര്‍കോട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്ക് ഡോക്ടറല്‍ കമ്മിറ്റിയിലെ പ്രസന്റേഷനുശേഷം എട്ടു മാസം കഴിഞ്ഞാണ് രജിസ്‌ട്രേഷന്‍ നല്‍കിയത്. ഇത്രയും കാലത്തെ സ്‌റ്റൈപെന്‍ഡും നിഷേധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad