ഹരിദ്വാര്‍ (www.evisionnews.in): ഗൗഡ സാരസ്വത ഗുരുപരമ്പരയിലെ ആചാര്യനും കാശി മഠത്തിന്റെ ഇരുപതാമത്തെ മേധാവിയുമായ സുധീന്ദ്രതീര്‍ഥ സ്വാമി (90) അന്തരിച്ചു. പുലര്‍ച്ചെ 1.10ന് ആയിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ ഗൗഡസാരസ്വത സമൂഹത്തെ ആധ്യാത്മികപാതയില്‍ നയിച്ച യുഗപ്രഭാവനായിരുന്നു.
സ്വാമി സുധീന്ദ്രതീര്‍ഥയെ ശനിയാഴ്ചയാണ് മുംബൈയില്‍ നിന്നു കാശി മഠത്തിലെത്തിച്ചത്. മുംബൈ സെവന്‍ ഹില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രാവിലെ 6.15 ന് എയര്‍ ആംബുലന്‍സില്‍ ഡെറാഡൂണില്‍ എത്തിച്ചു. അവിടെ നിന്നു റോഡ് മാര്‍ഗം പ്രത്യേക ആംബുലന്‍സില്‍ കാശിമഠത്തിലെത്തിക്കുകയായിരുന്നു. ഹരിദ്വാറിലെത്തണമെന്ന സ്വാമിയുടെ അന്ത്യാഭിലാഷപ്രകാരമാണ് ഇവിടേയ്ക്കു കൊണ്ടുവന്നത്.
ഞായറാഴ്ച രാവിലെ പിന്‍ഗാമി സ്വാമി സംയമീന്ദ്ര തീര്‍ഥ ഹരിദ്വാറിലത്തിയശേഷം സംസ്‌കാരച്ചടങ്ങുകള്‍ തീരുമാനിക്കും. ആര്‍ഷഭാരത സംസ്‌കൃതിയ്ക്കു ആത്മീയതയുടെ നിറചൈതന്യം പകര്‍ന്നു നല്‍കിയ സുധീന്ദ്രതീര്‍ഥ കാശിമഠ സന്യാസപരമ്പരയില്‍ ഏറ്റവുമധികം കാലം ആചാര്യസ്ഥാനത്തിരുന്ന സന്യാസിവര്യനാണ്.
കൊച്ചി ടി.ഡി ക്ഷേത്രത്തിന് സമീപം കമ്മശ്ശേരി വീട്ടില്‍ രാമദാസ ഷേണായിയുടെയും ദ്രൗപതിയുടെയും മകനായി 1926 മാര്‍ച്ച് 31ന് ജനിച്ചു. പൂര്‍വ്വാശ്രമത്തിലെ പേര് സദാശിവന്‍ എന്നായിരുന്നു. സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലും എറണാകുളം മഹാരാജ സ്‌കൂളിലും പഠിച്ചു. ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹം. 1944 മെയ് 24ന് സന്യാസം സ്വീകരിക്കുമ്പോള്‍ വയസ് 17. തുടര്‍ന്ന് കാര്‍ക്കാളയിലെ ഭൂവനേന്ദ്ര സംസ്‌കൃത കോളജില്‍ വേദപഠനം പൂര്‍ത്തിയാക്കി. 1949ല്‍ കാശി മഠാധിപതി സ്ഥാനമേറ്റു. കൊങ്കിണിയാണ് മാതൃഭാഷയെങ്കിലും മലയാളത്തെ അതിരറ്റു സ്‌നേഹിച്ച ജ്ഞാനിയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയിലെ ഗൗഡ സാരസ്വത സമൂഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ആരോഗ്യം അനുവദിക്കുന്നത് വരെ സ്വാമി കസാര്‍കോട് ജില്ലയിലെ വിവിധ ഗൗഡ സാരസ്വത ക്ഷേത്രങ്ങളില്‍ കൊല്ലന്തോറും എത്തുമായിരുന്നു.
Post a Comment
0 Comments