Type Here to Get Search Results !

Bottom Ad

ലാവ്‌ലിന്‍ കേസ് വീണ്ടും ഉയര്‍ത്താന്‍ യു.ഡി.എഫ് ആലോചിച്ചിട്ടില്ല -കുഞ്ഞാലിക്കുട്ടി


കാസര്‍കോട് (www.evisionnews.in): സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കുംഭകോണ കേസുമായി ഹൈക്കോടതിയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചത് യു.ഡി.എഫില്‍ ആലോചിച്ചിട്ടായിരുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും യുഡിഎഫില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ തിങ്കളാഴ്ച രാവിലെ നടന്ന മീറ്റ് ദി പ്രസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍കോഴക്കേസും ലാവ്‌ലിന്‍ കേസും വെറും ആരോപണങ്ങള്‍ മാത്രമാണ്. ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടത് കോടതിയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാറിന്റെ മദ്യനയം മൂലം കച്ചടവടം പൊളിഞ്ഞ മദ്യ രാജാക്കന്മാരാണ് ബാര്‍ക്കോഴ കേസിന് പിന്നിലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. തന്റെ രാജിക്ക് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി ശിവന്‍ കുട്ടിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന ബാബുവിന്റെ വെളിപ്പെടുത്തലില്‍ മുസ്ലിം ലീഗിന് വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഇതിന്മേല്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞ് വിവാദത്തിനില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറി. നാലുവരിപ്പാതക്കും ഗെയ്‌ലിന്റെ ഗ്യാസ് ലൈന്‍ പദ്ധതിക്കും മുസ്ലിം ലീഗ് ഒരിക്കലും എതിരല്ല. ഈരണ്ട് പദ്ധതികളും നടപ്പാകണം. അതേസമയം പദ്ധതി മൂലം ദുരിതമഭിമുഖീകരിക്കുന്ന വരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇരുപദ്ധതികള്‍ക്കുമെതിരെ മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന ജനങ്ങളുടെ പ്രതിരോധം സമവായത്തിലൂടെ പരിഹരിക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീവ്രവാദ ഭീകരസംഘടനയായ ഐഎസിനെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ലീഗ്. അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുമ്പോള്‍ ബിജെപിയുടെ പേര് പരാമര്‍ശിക്കാത്ത ലീഗ് നിലപാടിനെകുറിച്ച് ചോദിച്ചപ്പോള്‍ രാജ്യത്ത് അസഹിഷ്ണുത പരത്തുന്നതും ഭരണ ഘടന തിരുത്താനൊരുങ്ങുന്നതും ന്യൂനപക്ഷ പീഡനത്തിന് ആഹ്വാനം നല്‍കുന്നത് ബിജെപിയും സംഘ്പരിവാരും തന്നെയാണെന്ന് മന്ത്രി തുറന്നു പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍എ, ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്‍, ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്്മാന്‍ എന്നിവരും സന്നിഹിതരായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്്മാന്‍ ആലൂര്‍ മന്ത്രിയെ പൂചെണ്ട് നല്‍കി സ്വീകരിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad