Type Here to Get Search Results !

Bottom Ad

ഇടതുപക്ഷം ന്യൂനപക്ഷത്തിന്റെ സുഹൃത്തുക്കളല്ല -കുഞ്ഞാലിക്കുട്ടി, കേരളയാത്രക്ക് അണങ്കൂരില്‍ ഉജ്വല സ്വീകരണം


കാസര്‍കോട് (www.evisionnews.in): ഇടതുപക്ഷം ന്യൂനപക്ഷത്തിന്റെ സുഹൃത്തുക്കളല്ലെന്നും ഇത് വെറും പ്രചാരണം മാത്രമാണെന്നും മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബംഗാളില്‍ മൂന്നു പതിറ്റാണ്ടിലേറെ കാലം ഭരിച്ച ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിംലീഗിന്റെ കേരളയാത്രയ്ക്ക് അണങ്കൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡറും കൂടിയായ കുഞ്ഞാലിക്കുട്ടി. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും യുഡിഎഫ് ഭരിക്കുമെന്നും കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാസര്‍കോട്ട് യുഡിഎഫ് ഭരണത്തില്‍ വികസന രംഗത്ത് വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചത്. മെഡിക്കല്‍ കോളജും റോഡുകളും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും യുഡിഎഫ് ഭരണത്തിന്റെ നിത്യസ്മാരകങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഞായറാഴ്ച മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മുസ്ലിംലീഗിന്റെ കേരളയാത്രക്ക് കാസര്‍കോട്ട് നല്‍കിയ ആദ്യ സ്വീകരണയോഗം പ്രവര്‍ത്തകരുടെ ആവേശത്തിമര്‍പ്പില്‍ വീര്‍പ്പുമുട്ടി. ജാഥാ നായകനടക്കമുള്ള നേതാക്കളെ മുദ്രാവാക്യം വിളിച്ചും കരഘോഷം മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ അണങ്കൂരില്‍ പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. 

യോഗത്തില്‍ മണ്ഡലം പ്രസിഡണ്ടും നഗരസഭാ വൈസ് ചെയര്‍മാനുമായ എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പികെകെ ബാവ, എംഎല്‍എമാരായ കെഎന്‍എ ഖാദര്‍, അബ്ദുല്‍ റഹ്്മാന്‍ രണ്ടത്താണി, ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്‍, സി മമ്മുട്ടി, യു.ടി രാമന്‍, കോണ്‍ഗ്രസ് നേതാവ് പി.എ അഷ്‌റഫലി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എഎ ജലീല്‍ സ്വാഗതം പറഞ്ഞു. കേരളയാത്രക്ക് ഉച്ചതിരിഞ്ഞ് ഉദുമ മണ്ഡലത്തിലെ പള്ളിക്കരയില്‍ സ്വീകരണം നല്‍കും.




Post a Comment

0 Comments

Top Post Ad

Below Post Ad