Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: പട്ടിക സംബന്ധിച്ച അവ്യക്തത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും

കാസര്കോട് (www.evisionnews.in): ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലെ എണ്ണം സംബന്ധിച്ച അവ്യക്തത പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദേശം നല്‍കി. 
എന്‍ഡോസള്‍ഫാന്‍ അസി. നോഡല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് അഷീലിനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍യോഗത്തില്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി കൃഷിവകുപ്പ് മന്ത്രി കെ.പി മോഹനനോട് നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേരാന്‍ മന്ത്രി കെ.പി മോഹനന്‍ ജില്ലയിലെത്തിയിരുന്നെങ്കിലും ദുരിതബാധിതരുടെ പ്രതിഷേധം മൂലം യോഗം മാറ്റിവെച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ദുരിതബാധിതര്‍ക്കായി നടപ്പിലാക്കാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈകൊളളണമെന്നും ഇതിന് കാലതാമസം സംഭവിച്ചതിനെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. 
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് പട്ടിക സംബന്ധിച്ച അവ്യക്തത പരിശോധിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ധനസഹായത്തിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടാണ് കടബാധ്യത തീര്‍ക്കാനായി ഉപയോഗിക്കുക. ബാങ്കുകള്‍ ഇതിനായി പലിശ എഴുതിത്തള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ സബ് കളക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ: പി.കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ അസി. നോഡല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് അഷീല്‍, ഡി.എം.ഒ ഡോ: എ.പി ദിനേശ്കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ: എം.സി വിമല്‍രാജ്, ഫൈനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പുനായര്‍, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad