തിരുവനന്തപുരം (www.evisionnews.in): 56-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 19 വേദികളില്‍ 232 ഇനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 12000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.
ഏഴു ദിവസം 19 വേദികളിയായി നടക്കുന്ന കലോത്സവത്തിന് പ്രൗഢഗംഭീരമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് തുടക്കമാകുന്നത്. സാംസ്‌കാരിക ഘോഷയാത്ര ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 10000 പേര്‍ ഘോഷയാത്രയില്‍ അണിനിരക്കും. സംസ്‌കൃത കോളജില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര പുത്തരിക്കണ്ടത്ത് സമാപിക്കും. പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളക്ക് തിരിതെളിക്കും, സ്പീക്കര്‍ എന്‍ ശക്തന്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
56 സംഗീത അധ്യാപകര്‍ ചേര്‍ന്നൊരുക്കുന്ന സ്വാഗത ഗാനത്തിന് 56 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ദൃശ്യാവിഷ്‌കാരം ഒരുക്കും. മോഹിനിയാട്ടം, കുച്ചുപ്പടി, തിരുവാതിരക്കളി, ഭരതനാട്യം തുടങ്ങിയ മത്സരയിനങ്ങളാണ് ആദ്യ ദിനം.രക്ഷിതാക്കളും കാഴ്ചക്കാരും ഉള്‍പ്പടെ 50000 ത്തിലധികം പേര്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഗ്രീന്‍ ഇവന്റായി കണക്കാക്കി പ്ലാസ്റ്റിക് രഹിതമായാണ് കലോത്സവം നടക്കുന്നത്.
Post a Comment
0 Comments