കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റുചെയ്യാന്‍ സിബിഐ സംഘം ആലോചനകള്‍ ശക്തമാക്കി. 28ാം തീയതി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം ജയരാജന് അനുവദിക്കപ്പെടാതിരിക്കാന്‍ സിബിഐ ഏതറ്റം വരെയും പോകാനുള്ള തയാറെടുപ്പിലാണിപ്പോള്‍. കേസില്‍ കേന്ദ്ര നിയമമായ യു.എ.പി.എ ഉള്‍പ്പെടുത്തിയതോടെ കോടതി ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന ഉറപ്പിലാണ് സിബിഐ ഉന്നത നേതൃത്വം.
തലശ്ശേരി ഗവ റസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസില്‍ ഒരു ഡിവൈഎസ്പി അടക്കം ഇതിനകം പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ തമ്പടിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ നാലു ദിവസം മുമ്പ് തളളിയതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം കാണിച്ച് ജയരാജന്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ എകെജി ആശുപത്രിയും പരിസരവും സിബിഐയുടെ ചാരക്കണ്ണുകളാല്‍ വലയം ചെയ്തു കഴിഞ്ഞു. ജയരാജന്റെ രോഗവിവരങ്ങളെ സംബന്ധിച്ച് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് തെളിവു ശേഖരിക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. ജയരാജനെ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങളും ചുറ്റുപാടുകളും ഇവര്‍ ശേഖരിച്ചു വരികയാണ്. ജയരാജനെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനുളള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎം പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. യോഗത്തിലുടനീളം ആര്‍എസ്എസ് -സിബിഐ ഗൂഢാലോചനയെ തുറന്നുകാട്ടാനാണ് നേതാക്കള്‍ ശ്രമിച്ചത്.
മനോജ് വധിക്കപ്പെട്ടയുടന്‍ യുഡിഎഫ് സര്‍ക്കാറാണ് കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തിയത്. യുഡിഎഫിന്റെ ഈ നീക്കവും ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൊല്ലപ്പെട്ട മനോജിന്റെ വീട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ സന്ദര്‍ശനവും ജയരാജനെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു.
കണ്ണൂര്‍ ജില്ലയില്‍ ബിജെപി -ആര്‍എസ്എസ് മുന്നേറ്റത്തിന് ഏറ്റവും വലിയ വിഘാതം പി ജയരജന്റെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണെന്നാണ് സംഘപരിവാറിന്റെ വിലയിരുത്തല്‍. ന്യൂഡല്‍ഹിയില്‍ കണ്ണൂരിലെ സിപിഎം അതിക്രമങ്ങളെ കുറിച്ച് പ്രദര്‍ശനം നടത്തിയ സംഘ്പരിപാറിനെ അതേ നാണയത്തില്‍ കണ്ണൂരില്‍ പ്രദര്‍ശനം നടത്തി തിരിച്ചടിച്ചത് ജയരാജനായിരുന്നു.
ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ ഒന്നാംനമ്പര്‍ രാഷ്ട്രീയ ശത്രുവായ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ് സെതല്‍വാദിനെയും ഏറ്റവുമൊടുവില്‍ കര്‍ണാടകയിലെ ആര്‍എസ്എസിന്റെ കണ്ണിലെ കരടായ സാഹിത്യകാരന്‍ വധഭീഷണി നേരിടുന്ന കെഎസ് ഭഗവാനെയും കണ്ണൂരിലെത്തിച്ച് സംഘ്പരിവാര്‍ വിരുദ്ധ പ്രചാരണം നടത്തിയതിന്റെ ബുദ്ധികേന്ദ്രവും ജയരാജന്റെതാണ്. ഇക്കാരങ്ങള്‍ കൊണ്ട് ജയരാജന്‍ കല്‍തുറുങ്കിലടക്കപ്പെടേണ്ടത് ആര്‍എസ്എസിന്റെ രാഷ്ട്രീയ ആവശ്യവും കൂടിയാണ്.
ജയരാജനെതിരെ യുഎപിഎ കുറ്റം ചുമത്തിയതിനാല്‍ എന്തുതന്നെയായാലും സിബിഐയുടെ അറസ്‌ററിന് ഇന്നല്ലെങ്കില്‍ നാളെ വഴങ്ങേണ്ടിവരുമെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. അറസ്റ്റ് ഉണ്ടായാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് വരെ ജയരാജന്‍ പ്രശ്‌നം ആളിക്കത്തിച്ച് രാഷ്ട്രീയ പോരാട്ടം ത്വരിതവും ശക്തവുമാക്കാനാണ് സിപിഎം തീരുമാനം. 28ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ഏതു രീതിയില്‍ നടത്തണമെന്നതിനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പുമായി സിബിഐ നേതൃത്വം നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
Post a Comment
0 Comments