Type Here to Get Search Results !

Bottom Ad

അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാളെ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനക്ക് കൈമാറും

കാഞ്ഞങ്ങാട് (www.evisionnews.in): അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും 3.59 ഏക്കര്‍ ഭൂമിയും മുഴുവന്‍ ആസ്തികളും ഉള്‍പ്പടെ 28ന് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയ്ക്ക് കൈമാറും. രാവിലെ 11മണിക്ക് ഇഖ്ബാല്‍ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ വഖഫ് പ്രഖ്യാപനം നടത്തും. യതീംഖാന മുഖ്യ ഉപദേഷ്ടാവ് കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റ് വാങ്ങും.

യതീംഖാന പ്രസിഡണ്ട് എ. ഹമീദ് ഹാജി അധ്യക്ഷത വഹിക്കും. നിലവിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. അബ്ദുല്‍ ഹഫീസ്, ഡോ. മുഹമ്മദ് അഫ്‌സല്‍, എം.ബി.എം. അഷറഫ്, എം. ബി.എം. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് രേഖകള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൈമാറും.

എംഎല്‍എമാരായ ഇ. ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്, കെ. കുഞ്ഞിരാമന്‍ ഉദുമ, എന്‍. എ നെല്ലിക്കുന്ന് കാസര്‍കോട്, പി.ബി അബ്ദുല്‍ റസാക്ക് മഞ്ചേശ്വരം, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ജില്ലാ കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിര്‍ ഡോ. ഖാദര്‍ മാങ്ങാട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, ഹയര്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ.എന്‍.സതീഷ്, വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുള്ള, സി.ടി. അഹമ്മദലി എന്നിവരും രാഷ്ട്രീയകക്ഷി നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കും. 

മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയ 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് 1968ല്‍ അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂള്‍ അനുവദിച്ചത്. 91ല്‍ കെ.ചന്ദ്രശേഖരന്‍ വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ ഇഖ്ബാലിനെ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തി. സ്ഥാപകരായിരുന്ന ഡോ.എം. എ.അഹ്മദ്, എം.ബി.മൂസഹാജി എന്നിവരുടെ നിര്യാണത്തിന് ശേഷം ഇരുവരുടെയും മക്കളായ ഡോ.അബ്ദുല്‍ ഹഫീസ്, എം.ബി.എം.അഷ്‌റഫ്, ഡോ.മുഹമ്മദ് അഫ്‌സല്‍, എം.ബി.എം.അബ്ദുല്‍ ബഷീര്‍ എന്നിവരുള്‍പ്പെട്ട സര്‍ മുഹമ്മദ് ഇക്ബാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റാണ് സ്‌കൂള്‍ നടത്തി വരുന്നത്. 


Keywords: Kasaragod-tomorrow










Post a Comment

0 Comments

Top Post Ad

Below Post Ad