Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ പരസ്യം പച്ചക്കള്ളമെന്ന് സമരസമിതി


കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം സംബന്ധിച്ച സര്‍ക്കാര്‍ പരസ്യവും പുതിയ വിവാദത്തിലമര്‍ന്നു. പരസ്യത്തില്‍ കാണുന്ന സര്‍ക്കാര്‍ അവകാശവാദങ്ങള്‍ വെറും പച്ചക്കള്ളമാണെന്നാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളികളും ഇരകളുടെ രക്ഷിതാക്കളും മാധ്യമങ്ങളോട് പറഞ്ഞത്. 

എന്‍ഡോസള്‍ഫാന്‍ സമര സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യമാണ് വിവാദമായത്. പരസ്യത്തില്‍ ഫോട്ടോയിലുള്ളത് സര്‍ക്കാറിന്റെ അവഗണനയ്ക്ക് ഏറ്റവുമധികം ഇരയായ രണ്ട് കുട്ടികളാണെന്നും സര്‍ക്കാര്‍ തയാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ പോലും ഇടംലഭിച്ചിട്ടില്ലാത്തവരാണെന്നുമാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. 

ഇതോടെ 'ഇവരുടെ സംരക്ഷണം നമ്മുടെ കടമ' എന്ന തലക്കെട്ടില്‍ ജനുവരി 26ലെ പത്രത്തിലാണ് സര്‍ക്കാര്‍ പരസ്യം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും സമരസമിതി പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയെന്ന് അവകാശപ്പെട്ടു കോടികളുടെ കണക്ക് നിരത്തിയള്ളതാണ് പരസ്യം.

എന്നാല്‍ പരസ്യത്തിനൊപ്പം സര്‍ക്കാര്‍ നല്‍കിയ ചിത്രം തന്നെ സര്‍ക്കാര്‍ അവരോട് കാണിച്ച അവഗണന വ്യക്തമാക്കുന്നു. കാസര്‍കോട് ചെട്ടുംകുഴി സ്വദേശികളായ രണ്ട് കുട്ടികളുടെ പടമാണ് പരസ്യത്തിലുള്ളത്. ഇരുവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്നാല്‍ സര്‍ക്കാര്‍ തയാറാക്കിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരാണ് ഇവരെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം ചൊവ്വാഴ്ച രാത്രി ചാനലുകളിലും പരക്കെ ചര്‍ച്ചയായി.

ചിത്രത്തില്‍ കാണുന്ന മൂത്ത കുട്ടി സഫ്‌ന ഇതിനകം തന്നെ പത്തിലേറെ ഓപ്പറേഷനുകള്‍ക്ക് വിധേയയായതാണ്. ഒന്നര വയസുകാരിയായ ചെറിയ കുട്ടിക്കും വേണം രണ്ട് ഓപ്പറേഷനുകള്‍. ചികിത്സയ്ക്കായുള്ള പണമില്ലാത്തതിനാല്‍ നിശ്ചയിച്ച സമയത്ത് ഓപ്പറേഷന്‍ നടത്താന്‍ കഴിഞ്ഞില്ല. രണ്ടുപേര്‍ക്കും എല്ലൊടിയുന്ന അസുഖമാണെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചുലക്ഷം രൂപ ഓപ്പറേഷനു ചിലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഇവര്‍ സഹായത്തിനായി മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്കും കൂടി രണ്ടു ലക്ഷം രൂപയാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. ആ ഉറപ്പ് ഇപ്പോഴും ഉറപ്പായി തന്നെ നിലനില്‍ക്കുകയാണ്.

സര്‍ക്കാറിന്റെ ഏറ്റവും വലിയ അവഗണനയ്ക്ക് ഇരയായ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ രണ്ടുപേരുടെ ചിത്രം തന്നെയാണ് സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെട്ടു നല്‍കിയ പരസ്യത്തില്‍ നല്‍കിയത് എന്നതാണ് ഇവിടുത്തെ വിരോധാഭാസമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad