തലശ്ശേരി (www.evisionnews.in): ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. സിബിഐ രാഷ്ട്രീയ പ്രേരിതമായി തന്നെ കേസില്‍ കുടുക്കി അറസ്റ്റു ചെയ്യാന്‍ നീക്കം നടത്തുന്നുവെന്ന് കാണിച്ചാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുമ്പൊരിക്കല്‍ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. യു.എ.പി.എ 43 (ഡി) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കീഴ്‌കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ജയരാജന്റെ അപേക്ഷ തള്ളിയത്.
കോടതി നടപടി സിപിഎമ്മിനെ വീണ്ടും വന്‍ സങ്കീര്‍ണതയിലാഴ്ത്തി. ഇനി തുടര്‍ന്നുള്ള സിബിഐ നീക്കങ്ങള്‍ ഉത്കണ്ഠയോടെ നോക്കിക്കാണുകയാണ് സിപിഎം. കീഴ്‌കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും സിപിഎം തയാറാകുമെന്നാണ് സൂചനകള്‍. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരളമാര്‍ച്ച് കണ്ണൂരില്‍ പര്യടനം നടത്തുന്നതിനിടയിലാണ് കണ്ണൂരിലെ സിപിഎമ്മിന്റെ അമരക്കാരനായ ജയരാജനെതിരെ കോടതി വിധിയുണ്ടായതെന്നും ശ്രദ്ധേയമാണ്. ഇതു സംബന്ധിച്ച് പിണറായിയുടെ പ്രസ്താവന ഉടന്‍ പുറത്തുവരും.
Post a Comment
0 Comments