കര്‍ണൂല്‍ (ആന്ധ്രാപ്രദേശ്) (www.evisionnews.in): ആന്ധ്രാ -കര്‍ണാടക അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികളടക്കം ആറു പേര്‍ മരിച്ചു. കാസര്‍കോട് ദേലമ്പാടി പഞ്ചായത്തിലെ ഊജംപാടി ഹിദായത്ത് നഗര്‍ സ്വദേശികളായ പുരയിടത്തില്‍ വീട്ടില്‍ ദേവസ്യ(65)യും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബംഗളൂരു -ഹൈദരാബാദ് ദേശീയപാതയില്‍ കര്‍ണൂല്‍ ജില്ലയില്‍ പൊന്‍തുരുത്തിനടുത്ത് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ആറു പേരും തല്‍ക്ഷണം മരിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് അപകടം. ദേവസ്യയുടെ ഭാര്യ ത്രേസ്യ(60), മകന്‍ പിഡി റോബിന്‍(33), ഭാര്യ ജിസ്‌മോള്‍, റോബിന്റെ നാലുമാസം പ്രായമുള്ള കുഞ്ഞ്, കാര്‍ ഡ്രൈവര്‍ ആന്ധ്ര സ്വദേശി പവന് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് ആന്ധ്രയിലേക്ക് ബംഗളൂരു വഴി മടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ കര്‍ണൂല്‍ ഗവ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.
കുറെ വര്‍ഷങ്ങളായി ആന്ധ്ര മെഹബൂബ നഗറിലെ മക്തലില്‍ സ്‌കൂള്‍ നടത്തുകയാണ് റോബിനും കുടുംബവും. റോബിന്റെ ഭാര്യ കോട്ടയം പൂഞ്ഞാര്‍ സ്വദേശിനിയാണ്. ദേവസ്യയും കുടുംബവും മൂന്നു പതിറ്റാണ്ടിന് മുമ്പ് കോട്ടയത്ത് നിന്ന് കണ്ണൂര്‍ ആലക്കോടിലേക്കും ഇവിടെ നിന്ന് ദേലമ്പാടിയിലേക്കും കുടിയേറിയതാണ്. ദാരുണ മരണത്തിന്റെ വിവരമറിഞ്ഞ് ദേലമ്പാടി ഗ്രാമം നടുങ്ങി.
ദേവസ്യയും ഭാര്യ ത്രേസ്യക്കുട്ടിയും ഇപ്പോള്‍ മകന്‍ റോബിന്റെ കൂടെ ആന്ധ്രയിലാണ് താമസം. മൂന്നാഴ്ച മുമ്പ് ഇവര്‍ ദേലമ്പാടിയിലെ വീട്ടിലെത്തിയിരുന്നു. പൂഞ്ഞാറിലെ റോബിന്റെ ഭാര്യ വീട്ടില്‍ നടന്ന മാമോദീസ ചടങ്ങിന് ഇവര്‍ കുടുംബ സമേതം പോയതായിരുന്നു. മാമോദീസക്ക് ശേഷം റോബിനും മാതാപിതാക്കളും ഭാര്യയും ഒരു കാറിലും സഹോദരന്‍ റനീഷും കുടുംബവും മറ്റൊരു കാറിലും യാത്രതിരിച്ചു. റോബിന്‍ ആന്ധ്രയിലേക്കും റനീഷും ഭാര്യയും ദേലമ്പാടി ഗവ ഹൈസ്‌കൂള്‍ അധ്യാപികയുമായ ആല്‍ബിനും കാസര്‍കോട്ടേക്കും പുറപ്പെട്ടു. അച്ഛനും അമ്മയും സഹോദരനും അപകടത്തില്‍പെട്ട വിവരമറിഞ്ഞ് റനീഷും കുടുംബവും ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്.
റോബിനും കുടുംബവും തെലുങ്കാനയില്‍ സ്ഥിരവാസം ഉറപ്പിച്ചവരാണ്.കേരളാ ടെക്‌നോ സ്‌കൂള്‍ എന്ന സ്ഥാപനം നടത്തിവരുന്നു.സ്ഥലത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. തെലുങ്കാന എജുക്കേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപകനും സെക്രട്ടറിയുമാണ്. മലയാളി അസോസിയേഷന്റെയും സജീവ പ്രവര്‍ത്തകനാണ്.സാക്ഷരതാ പ്രസ്ഥാന രംഗത്തും നേതൃത്വം നല്‍കുന്നു.
ദേലമ്പാടി സെന്റ്‌മേരീസ് പള്ളി ഇടവകാംഗങ്ങളാണ് ദേവസ്യയും കുടുംബവും. മൃതദേഹങ്ങള്‍ ദേലമ്പാടിയിലെത്തിച്ച് ചൊവ്വാഴ്ച വൈകിട്ട് പള്ളി സെമിത്തേരിയില്‍ ഖബറക്കുമെന്ന് പള്ളി ട്രസ്റ്റിയംഗം പി.ടി കുഞ്ഞുമോന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
Post a Comment
0 Comments