Type Here to Get Search Results !

Bottom Ad

തെരുവ് കച്ചവട വിവരശേഖരണത്തിന് തുടക്കം കുറിച്ചു.


കാസറഗോഡ്:(www.evisionnews.in)തെരുവ് കച്ചവടക്കാരെക്കുറിച്ചുള്ള വിവരശേഖരണത്തിന് തുടക്കമായി. തെരുവ് കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാദികളും സംരക്ഷിക്കുന്നതിനായി സംസ്ഥാനതലത്തില്‍ എല്ലാ നഗരസഭകളിലും തെരുവ് കച്ചവടക്കാരുടെ സര്‍വ്വേ നടത്തിവരുന്നു. ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ നഗരകാര്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് വിവരശേഖരണം.
ദേശീയ വഴിയോരകച്ചവട നിയമം 2014 പ്രകാരം വഴിയോര കച്ചവടക്കാരുടെ സ്ഥിതിവിവരങ്ങള്‍ അത്യന്താപേഷിതമാണ്. അതിന്റെ വെളിച്ചത്തിലാണ് കാസര്‍കോട് നഗരസഭയിലും വഴിയോരകച്ചവടക്കാരുടെ സ്ഥിതിവിവരണശേഖരണം നടത്തുന്നത്. ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി പയ്യന്നൂര്‍ കാമ്പസിലെ എം.എസ്.ഡബ്യു വിദ്ദ്യാര്‍ത്ഥികളാണ് നഗരത്തില്‍ സര്‍വെ നടത്തിയത്. തെരുവ് കച്ചവടവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, തെരുവ് കച്ചവട പ്രതിനിധികള്‍ തുടങ്ങിയവരും നഗരതലത്തില്‍ ജില്ലാ കലക്ടറുടെ പ്രതിനിധിയും നഗരസഭാ സെക്രട്ടറിയും തെരുവ് കച്ചവട പ്രതിനിധികള്‍ തുടങ്ങിയവരും ഉള്‍പെട്ട സമിതിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
തെരുവ് കച്ചവട വിവരശേഖരണത്തില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും, ഫോണ്‍ നമ്പറും കൂടാതെ സര്‍വേയര്‍ തെരുവ് കച്ചവടക്കാരുടെ ഫോട്ടോയും നിര്‍ബന്ധമായും രേഖപ്പെടുത്തുന്നു. വിവരശേഖരണത്തിനുശേഷം നഗരകച്ചവട സമിതി അനന്തരനടപടികള്‍ കൈക്കൊള്ളും. അംഗീകൃത കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. വഴിവാണിഭക്കാര്‍ക്ക് ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്ന വഴിവാണിഭ രൂപരേഖ തയ്യാറാക്കും. വഴിവാണിഭക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങള്‍ നല്‍കാനും സമ്പാദ്യശീലം വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.
തെരുവ് കച്ചവട സര്‍വേ ഉദ്ഘാടനം കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം നിര്‍വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ എ.എ മഹ് മൂദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിസ്‌രിയ ഹമീദ്, നൈമുന്നീസ എം, സമീന മുജീബ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, നഗരസഭ റവന്യു ഓഫീസര്‍ കെ.പി ദിനേശന്‍, ഷക്കീല മജീദ്, കെ.പി രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
170 തെരുവ് കച്ചവടക്കാരെയാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. സര്‍വ്വേ മേല്‍നോട്ടം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് കെ സോമന്‍, ബൈജു സി.എം, നിധീഷ് എം ജോര്‍ജ്, അര്‍ച്ചനകുമാരി എന്നിവര്‍ നിര്‍വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad