Type Here to Get Search Results !

Bottom Ad

അനന്തപുരി ഇനി കലോത്സവത്തിന്റെ തലസ്ഥാന നഗരി


തിരുവനന്തപുരം :(www.evisionnews.in)അനന്തപുരി ഇന്ന് മുതല്‍ ഒരാഴ്ച്കാലം ലോകത്തിലെ ഏറ്റവും വലിയ കൗമാര-യുവജനോത്സവങ്ങളുടെ തലസ്ഥാന നഗരിയായി മാറും.കലാമാമാങ്കത്തിന്റെ പൊന്‍പ്രഭയും ആഘോഷവര്‍ണവും ഉത്സാത്തിമര്‍പ്പും ഏറ്റുവാങ്ങാന്‍ അനന്തപുരിയുടെ മണ്ണും വിണ്ണും മനസ്സ് തുറന്നുകഴിഞ്ഞു. സര്‍ഗവൈഭവവും കേളീമികവും ചേര്‍ത്ത് രചിക്കുന്ന കലാ വിസ്മയത്തിന്റെ നിറക്കൂട്ടുകളാണ് ഇനിയുള്ള ദിവസങ്ങളില്‍ തലസ്ഥാനത്ത് നിറഞ്ഞാടുന്നത്.മഞ്ചേശ്വരം മുതല്‍ പാറശാലവരെയുള്ള കലാപ്രതിഭകളുടെ ആവേശത്തിമര്‍പ്പിലും മത്സരക്കുതിപ്പിലും അനന്തപുരി നിത്യവിസമയം കൊള്ളും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 56ാം പതിപ്പിന് ചൊവ്വാഴ്ച തിരശ്ശീല ഉയരുന്നത്.വൈകിട്ട് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കലാമാമാങ്കത്തിന്‌കേളികൊട്ടുണരും. മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. സംവിധായകന്‍ ജയരാജ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 25ന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. ചലച്ചിത്രതാരങ്ങളായ നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുക്കും.

പോയവര്‍ഷം ചാമ്പ്യന്‍പദവി പങ്കുവച്ച കോഴിക്കോടും പാലക്കാടും ഊഴമിട്ട് കൈവശംവച്ച 117.5 പവന്‍ സ്വര്‍ണക്കപ്പ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന സ്വര്‍ണക്കപ്പ് വിദ്യാഭ്യാസമന്ത്രി ഏറ്റുവാങ്ങി ഘോഷയാത്രയായി നഗരപ്രദക്ഷിണം വയ്ക്കാനാണ് തീരുമാനിച്ചതെങ്കിലും മന്ത്രി എത്താതിരുന്നത് നിരാശയായി. മത്സരാര്‍ഥികളെ വിരുന്നൂട്ടാന്‍ തൈക്കാട് പൊലീസ് ഗ്രൌണ്ടില്‍ ഒരുക്കിയ പന്തലില്‍ പാലുകാച്ചല്‍ നടന്നു.

232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം കലാപ്രതിഭകള്‍ മത്സരിക്കും. 19 വേദികളിലായാണ് മത്സരം. 20 മുതല്‍ 25 വരെ ഗാന്ധിപാര്‍ക്കില്‍ വിവിധ വിഷയങ്ങളിലായുള്ള സാംസ്‌കാരികോത്സവം ഇത്തവണത്തെ പ്രത്യേകതയാണ്.

കലാകേരളത്തിന്റെ പരിച്ഛേദമായി മാറുന്ന ഘോഷയാത്ര ഉച്ചതിരിഞ്ഞ് സംസ്‌കൃത കോളേജില്‍നിന്ന് ആരംഭിക്കും. ഡിജിപി ടി പി സെന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പണ്ഡിറ്റ് രമേഷ് നാരായണ്‍ സംഗീതം പകര്‍ന്ന്, സമുദ്രനടനം മധുഗോപിനാഥും വൈക്കം സജീവും ചേര്‍ന്ന് ദൃശ്യാവിഷ്‌കാരം നല്‍കുന്ന സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ് തുടങ്ങുക.ഉദ്ഘാടനസമ്മേളനത്തിന് ശേഷം ഒന്നാംവേദിയായ 'ചിലങ്കയില്‍' ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ഒപ്പം 13 വേദികള്‍ ഉണരും.

1957ല്‍ തുടങ്ങിയ കലോത്സവം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാമാമാങ്കമാണ്. എ, ബി,സി ഗ്രേഡ് നേടുന്നവര്‍ക്ക് ഗ്രേസ്മാര്‍ക്കും യഥാക്രമം 2000, 1600, 1200 രുപ വീതം ക്യാഷ് അവാര്‍ഡും നല്‍കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad