Type Here to Get Search Results !

Bottom Ad

ഒറ്റമുറി ക്വാട്ടേഴ്സിൽ ആറ് ജീവിതങ്ങൾ: കൂട്ടിന് രോഗവും വിശപ്പും കടങ്ങളും

റിപ്പോർട്ട്‌: ഖയ്യൂം മാന്യ

മൊഗ്രാൽ പുത്തൂർ:(www.evisionnews.in) ന്യൂ ജനറേഷന്റെ താരപരിവേഷമോ ആസ്വാദ്യതയോ ഉള്ള അനുഭവമല്ല പറഞ്ഞ്‌ തുടങ്ങുന്നത്‌. കൈവിട്ട്‌ പോയ ജീവിതത്തിന് മുന്നിൽ പകച്ച്‌ നിൽക്കുന്ന ഒരു സാധാരണക്കാരന്റെ നൊമ്പരങ്ങളുടെ നേർച്ചിത്രമാണിത്‌. ഏഴാം ക്ലാസിൽ പഠനം നിർത്തി എറണാകുളത്ത്‌ നിന്നും തളങ്കരയിലെത്തിയ, പത്തൊൻപതാം വയസിൽ ഇസ്‌ലാം സ്വീകരിച്ച, പൊന്നും പണവും നോക്കാതെ ബദിയടുക്കയിലെ പാവപ്പെട്ട പെൺകുട്ടിക്ക്‌ ജീവിതം നൽകാൻ മനസ്‌ കാണിച്ച സാജൻ ജോസഫ്‌ എന്ന സിറാജിനെ കണ്ണുനീരോടെയല്ലാതെ നിങ്ങൾക്ക്‌ കണ്ട്‌ നിൽക്കാൻ കഴിയില്ല. ചെറിയ പ്രതിസന്ധികളെ പോലും ഊതിപ്പെരുപ്പിച്ച്‌ ജീവിതത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്നവർ ഈ കഥ കേൾക്കാതെ പോകരുത്‌. ഹൃദയത്തിന് ഗുരുതരമായ രോഗം, ജോലിസ്ഥത്ത്‌ പതിവായി തളർന്ന് വീഴുന്നത്‌, അതിനിടെ ഞരമ്പ്‌ തകരാറിലായി മകൾക്കും അസുഖം, പണമില്ലാത്തത്‌ കൊണ്ട്‌ പത്താം ക്ലാസിൽ വെച്ച്‌ രണ്ട്‌ മക്കളുടെ പഠനം നിർത്തി, ഇടുങ്ങിയ ഒറ്റമുറി ക്വാട്ടേഴ്സിൽ ആറ് ജന്മങ്ങളുടെ ദുരിതജീവിതം, എന്നിട്ടും മൂന്ന് മാസത്തെ വാടകക്കുടിശ്ശിക, മരുന്നിന് വേണ്ടി വാങ്ങിയ കടം.. ഒന്നല്ല നീറുന്ന ഒരു നൂറ് പ്രശ്നങ്ങളുടെ സങ്കടഹരജിയാണ് ഈ മനുഷ്യന്റെ ജീവിതം.. 

വാർക്കപ്പണിയും കീഴിൽ നാലഞ്ച്‌ ജോലിക്കാരുമൊക്കെയായി സ്വപ്നങ്ങൾ പച്ച പിടിച്ച്‌ വരുന്നതിനിടയിലാണ്, 2014 ജൂൺ 16 എന്ന ദിവസം സിറാജിന്റെ വിധിയെ മാറ്റിയെഴുതിയത്‌. തായലങ്ങാടിയിൽ ഒരു വീടിന് കല്ല് പാകുന്നതിനിടെ കുഴഞ്ഞ്‌ വീണു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പഴേക്കും ഹൃദയാഘാതം സംഭവിച്ചിരുന്നു. ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടപ്പോൾ വിധി അടുത്ത അറ്റാക്കുമായി വന്നു. ഓപ്പറേഷന് വേണ്ട ആരോഗ്യം ഹൃദയത്തിൽ ബാക്കിയുണ്ടായിരുന്നില്ല, ഒരുപക്ഷെ മരണം വരെ സംഭവിച്ചേക്കാം.. പകരം നിർദ്ദേശിക്കപ്പെട്ടത്‌ കൃത്രിമമായി മിടിപ്പ്‌ നൽകുന്ന ആറര ലക്ഷം രൂപ വിലയുള്ള മെഷീൻ ഹൃദയത്തിൽ ഘടിപ്പിക്കാനായിരുന്നു. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാനും.. കൂട്ടിയ കണക്കുകളെല്ലാം തെറ്റിക്കുന്നതാണ് ജീവിതത്തിന്റെ ഒരേയൊരു ശരിയെന്ന് സിറാജ്‌ അന്നാണ് തിരിച്ചറിഞ്ഞത്‌. പക്ഷെ, വിധി അതിന്റെ കളി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ!

വാടക കൊടുക്കാത്തതിനാൽ പൈക്കയിലെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. അതിന് ശേഷം തളങ്കരയിലെ ക്വാർട്ടേഴ്സിൽ ആരുടെയൊക്കെയോ കാരുണ്യത്തിൽ ഒരു വർഷം. ആ കാരുണ്യത്തിന്റെയും കാലാവധി അവസാനിച്ചപ്പോൾ കൂടുതൽ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ സിറാജ്‌, മൊഗ്രാൽപുത്തൂരിലെ ഇടുങ്ങിയ നാല് ചുവരുകൾക്കുള്ളിലേക്ക്‌ താമസം മാറി. 

സ്ഥിരമായി കഴിക്കേണ്ട മരുന്ന് മുടങ്ങിയിട്ട്‌ നാല് മാസമായി. അതിന്റെ മാറ്റം ഇപ്പോൾ കണ്ട്‌ തുടങ്ങുന്നു. രാത്രിയാവുമ്പഴേക്കും വേദന കൊണ്ട്‌ പിടഞ്ഞ്‌ കട്ടിലിൽ നിന്നും താഴേക്ക്‌ വീഴുന്നത്‌ ഈ വീട്ടിൽ പതിവായിരിക്കുന്നു. ആ നേരങ്ങളിൽ ഭാര്യയെയും മക്കളെയും ചേർത്തുപിടിച്ച്‌ ആരും കേൾക്കാതെ സിറാജ്‌ പൊട്ടിക്കരയും. ചിലപ്പോൾ കുറെ നേരത്തേക്ക്‌ സംസാരിക്കാനും കഴിയില്ല. അതിനിടെ കണ്ണിന് ചെറിയ രോഗലക്ഷണമുള്ളത്‌ ഞങ്ങൾ ചോദിച്ചപ്പ്പോൾ അതൊന്നും കണ്ടില്ലെന്ന ഭാവമാണ് ആ മുഖത്ത്‌. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്‌ കേട്ട്‌ ഞെട്ടുന്നതൊക്കെ, നമ്മെപ്പോലെ രോഗങ്ങളുടെ യഥാർഥ്യം ജീവിതത്തിലൊരിക്കലും അനുഭവിക്കാത്തവരാണ്. 

രോഗം ആരംഭിച്ചതിന് ശേഷം ഒരു ദിവസം മുഴുവനായി ജോലി ചെയ്യാൻ സിറാജിന് കഴിഞ്ഞിട്ടില്ല. അഞ്ച്‌ മണി വരെ ജോലി ചെയ്ത ദിവസം, പണിസ്ഥലത്ത്‌ നിന്ന് നേരെ കൊണ്ട്‌ പോയത്‌ മാലിക്ക്‌ ദീനാർ ആശുപത്രിയിലേക്കായിരുന്നു. അഞ്ച്‌ ജീവിതങ്ങൾ ഒഴിഞ്ഞ വയറുമായി വീട്ടിൽ കാത്ത്‌ നിൽക്കുന്നത്‌ സഹിക്കാനാവാതെ, സിറാജ്‌ പിന്നെയും പണിക്കിറങ്ങി. ആ ദിവസങ്ങളിലൊക്കെ ഉച്ചക്ക്‌ മുമ്പെ കൂടെയുള്ളവർ താങ്ങിപ്പിടിച്ചാണ് വീട്ടിലേക്കെത്തിച്ചത്‌. അതിനിടെ സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം രണ്ട്‌ മക്കളുടെ പഠനം പത്താം ക്ലാസിൽ വെച്ച്‌ നിർത്തി. ജോലി ചെയ്തിരുന്ന കാലത്ത്‌ ഏറെ ആശിച്ച്‌ മകൾക്ക് വാങ്ങിക്കൊടുത്ത ഒരു തരി പൊന്ന് മരുന്ന് വാങ്ങാൻ പണമില്ലാതെ കൊണ്ട്‌ പോയി വിറ്റ ദിവസത്തെ കണ്ണുനീരോടെയല്ലാതെ സിറാജിന് പറഞ്ഞ്‌ മുഴുമിപ്പിക്കാനാവുന്നില്ല. 

രണ്ട്‌ മാസങ്ങൾക്ക്‌ മുമ്പ്‌, ഞരമ്പിന്റെ അസുഖത്തെ തുടർന്ന് മൂത്ത മകൾ ജസ്‌Iറയുടെ മുഖം വലിഞ്ഞ്‌ കോടി. അവൾക്കും വേണം മരുന്നിന് 20 ദിവസത്തേക്ക്‌ 1400 രൂപ. വാങ്ങിക്കൂട്ടിയ വസ്ത്രങ്ങൾ വെക്കാൻ സ്ഥലമില്ലാതെ ഓരോ മാസവും പുത്തൻ ഷെൽഫ്‌ വാങ്ങുന്ന സഹോദരീ.. അടുക്കിവെക്കാൻ ഒരു മേശ പോലുമില്ലാത്ത ഈ വീടിന്റെ അകത്ത്‌ കയറിയാൽ ആറ് പേരുടെ വസ്ത്രങ്ങളും വസ്തുക്കളുമൊക്കെ നിരത്തിയിട്ടിരിക്കുന്നത്‌ കാണാം.. ജനാലക്കരികിൽ വെച്ചിട്ടുള്ള ജസ്‌Iറയുടെ മരുന്ന് തീരാറായെന്ന് പറയാതെ തന്നെ കണ്ണുള്ള ആർക്കും ബോധ്യപ്പെടും. ഇത്‌ പ്രസിദ്ധീകരിച്ച്‌ വരുമ്പഴേക്കും മരുന്ന് പൂർണമായും തീർന്നിട്ടുണ്ടാകും..
ചേർന്നു നിന്നാൽ ശ്വാസം മുട്ടുന്ന ഈ കുടുസ്സുമുറിയിലാണ് ആറ് മനുഷ്യർ ജീവിക്കുന്നത്‌. അതിൽ രണ്ട്‌ പേർ രോഗികൾ.. രണ്ട്‌ കുട്ടികൾ കാസർകോട്‌ ഗവ. ഹൈസ്ക്കൂളിൽ പഠിക്കുന്നു. എവിടെ വെച്ചായിരിക്കും ദൈവമേ, അവർ ഹോംവർക്കും അസൈന്മെന്റും എഴുതുക? തളർന്ന് വീഴുന്ന ഉപ്പയെക്കുറിച്ചോർത്ത്‌ അവർ രാത്രി ഉറങ്ങുന്നുണ്ടാകുമോ? കൂട്ടുകാരെല്ലാം നഗരത്തിലെ ഹോട്ടലിൽ പോയി ഉച്ചഭക്ഷണം കഴിക്കുമ്പോൾ, പട്ടിണി കിടക്കാൻ എന്ത്‌ കള്ളമായിരുക്കും അവർ പറയുന്നുണ്ടാവുക? ഈ ദുരിതങ്ങളൊക്കെയും ഒരുനാൾ തീരുമെന്ന് മക്കളെ പറഞ്ഞാശ്വസിപ്പിക്കാൻ ആ മാതാവ്‌ എത്ര കഷ്ടപ്പെടുന്നുണ്ടാകും?

സഹിക്കാൻ കഴിയാത്ത തന്റെ വേദനകളെപ്പറ്റി സിറാജിന് പരിഭവമില്ല. മരുന്ന് കഴിക്കാതെ ഇങ്ങനെ പോയാൽ തനിക്ക്‌ എന്ത്‌ സംഭവിക്കുമെന്നല്ല, താൻ നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുന്ന കുടുംബം എവിടെപ്പോകുമെന്നാണ് സിറാജിന് മുന്നിലെ ഉത്തരമില്ലാത്ത ചോദ്യം. ഞങ്ങൾ പോയ ദിവസം ആ മുറിയുടെ രണ്ട്‌ മാസത്തെ വാടക കുടിശ്ശികയുണ്ട്‌. മുപ്പതാം തീയ്യതി ആവുമ്പഴേക്കും കുടിശ്ശിക പിന്നെയും കൂടും.. രാത്രി ഒൻപത്‌ മണിക്ക്‌ വീട്ടുടമ വരും.. വാടക ചോദിക്കും.. രാത്രിയായത്‌ കൊണ്ട്‌ തൊട്ടടുത്ത മുറികളിലുള്ളവരെല്ലാം അത്‌ കേൾക്കും.. ഇനി പറയാൻ ഒരു അവധി പോയിട്ട്‌, ജീവിക്കാനുള്ള കാരണം പോലും സിറാജിന് മുന്നിലില്ല. ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല. ഇനി അതല്ലാതെ മറ്റ്‌ വഴികളൊന്നും മുന്നിലില്ല.. ഭാര്യയും മക്കളും വഴിയാധാരമാവുമെന്ന് ഓർക്കുമ്പോൾ.. സിറാജിന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞ്‌ പോകുന്നു..
ഈ ഫ്രെയിമിൽ വരാത്ത 17 വയസുള്ള ഒരു മകനും, ഒൻപതിലും എഴിലും പഠിക്കുന്ന രണ്ട്‌ കുട്ടികളും അവരുടെ ഉമ്മയും കൂടി ഇവിടെയുണ്ട്‌. ആ നൊമ്പരങ്ങളിലേക്ക്‌ കൂടി ക്യാമറ ഫോക്കസ്‌ ചെയ്യാൻ ദയവ്‌ ചെയ്ത്‌ നിർബന്ധിക്കരുത്‌.
നക്ഷത്രത്തിളക്കമുള്ള രാജഭവനമല്ല, ആറ് മനുഷ്യർക്ക്‌ തല ചായ്ക്കാൻ ഒരു കൂരയാണ് വേണ്ടത്‌. അവിടെ ഒരു രാത്രിയെങ്കിലും വാടകയെക്കുറിച്ച്‌ ആശങ്കപ്പെടാതെ ഇവർക്ക്‌ കിടന്നുറങ്ങണം.. കരയുമ്പോൾ ചുമരിനപ്പുറം കേട്ട്‌ നിൽക്കാൻ മറ്റാരുമില്ലെന്ന് ഉറപ്പ്‌ വേണം.. രോഗങ്ങൾ സുഖപ്പെട്ട്‌ വരുന്ന ഉല്ലാസദിനങ്ങളല്ല, ഒരു വീടാണ് അത്‌ മാത്രമാണ് സിറാജിന്റെ ഒരേയൊരു ആഗ്രഹം..

                                                                             ***********
തിരിച്ച്‌ വരാൻ ഒരുങ്ങുമ്പോൾ, ചായ കുടിച്ചിട്ട്‌ പോകാമെന്ന് സിറാജിക്ക പറഞ്ഞു. കേട്ടാൽ തന്നെ അറിയാം, ആ വിളിയിൽ ഒരു നിർബന്ധവുമില്ലെന്ന്. വീട്ടിൽ വിറക്‌ തീർന്നത്‌ കൊണ്ട്‌ പണത്തിന് വേണ്ടി ഒരാളെ കാണാൻ പോയതാണെന്ന് നേരത്തെ ഫോൺ ചെയ്തപ്പോൾ ഇക്ക പറഞ്ഞതാണ്. അത്‌ കിട്ടിയില്ലെന്ന് സംസാരത്തിനിടയിൽ ഞങ്ങൾക്ക്‌ ബോധ്യമായി. ദയനീയാവസ്ഥ കണ്ടറിഞ്ഞ്‌ ഏതോ വ്യക്തി കൊടുത്തയച്ച ഭക്ഷണസാധനങ്ങൾ കട്ടിലിനടിയിൽ കെട്ട്‌ പോലും പൊട്ടിക്കാതെ വെച്ചിട്ടുണ്ട്‌. അത്‌ തിളപ്പികാനുള്ള ഒരു തുണ്ട്‌ വിറക്‌ പോലും ഈ 'മുറി'യിലില്ലെന്ന് ആരെങ്കിലും അറിയുന്നുവോ? പിന്നെ എങ്ങനെയാണ് അവർ ഞങ്ങൾക്ക് ചായ ഇട്ട്‌ തരേണ്ടത്‌? ദൈവമേ.. ഇന്ന് ഉച്ചക്ക്‌ ഇവർ പട്ടിണിയായിരുന്നോ? സ്ക്കൂളിൽ നിന്ന് മടങ്ങി വരുന്ന മക്കൾക്ക്‌ രാത്രി അവർ എന്ത്‌ വിളമ്പിക്കൊടുക്കും? കഴിഞ്ഞ ദിവസങ്ങളിലൊക്കെ എന്തായിരുന്നു ഇവരുടെ അവസ്ഥ? നാളെ, മറ്റന്നാൾ..? ഉത്തരം കിട്ടാതെ ഞങ്ങളുടെ ഹൃദയവും ഇപ്പോൾ വല്ലാതെ വേദനിക്കുന്നു!

ബന്ധപ്പെടുക:സിറാജ് 9446452057  ,ഖയ്യും മാന്യ:9961919171, അന്‍വര്‍ ഓസോണ്‍: 9846861798
A/c.No.4489101003097, Naseema w/o Siraj, 
Canara Bank, Badiyaduka, IFSC Code: CNRB:0004489

Post a Comment

0 Comments

Top Post Ad

Below Post Ad