കാസര്‍കോട്:(www.evisionnews.in) ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയുടെ ഉദ്ഘാടനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍ തുല്യ നീതി എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് വിമോചന യാത്ര നടത്തുന്നത്. 20ന് രാവിലെ 10 മണിക്ക് ഉപ്പളയില്‍ കേന്ദ്ര മന്ത്രി വെങ്കയ നായിഡു വിമോചന യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് വി.കെ.സജീവന്‍ പ്രസിക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറ് പതിറ്റാണ്ടായി കേരളത്തില്‍ ഭരണം നടത്തിയ രണ്ട് മുന്നണികളില്‍ നിന്നുമുള്ള മോചനത്തിനായാണ് ബിജെപി വിമോചന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തകര്‍ച്ചയിലേക്ക് നയിച്ച ഇരുമുന്നണികളില്‍ നിന്നുമുള്ള വിമോചന സന്ദേശം ജനങ്ങള്‍ക്ക് നല്‍കും. ബിജെപിക്ക് എതിരായി ഇടത് വലത് മുന്നണികള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുത പോലുള്ള പ്രചാരണങ്ങളെ ശക്തമായി നേരിടും. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന കാര്യങ്ങള്‍ പ്രത്രേകിച്ച് കേരളത്തിനായി അനുവദിക്കപ്പെട്ട വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കിടയിലേക്ക് എത്തിച്ചായിരിക്കും യാത്ര പ്രയാണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം വിമോചന യാത്രയ്ക്കിടയില്‍ വിവിധ സമുദായിക സാസ്‌കാരിക നായകര്‍, ഭൂമരങ്ങല്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ തുടങ്ങിയവരുമായി യാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍ ചര്‍ച്ചകള്‍ നടത്തും. ഇടത് വലത് മുന്നണികള്‍ വിട്ട് ബിജെപിയിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രയുടെ സ്വീകരണ യോഗങ്ങളില്‍ വെച്ച് അംഗത്വം നല്‍കും.
ഉദ്ഘാടന ചടങ്ങില്‍ സിനിമാതാരം സുരേഷ് ഗോപി വിമോചന പ്രതിഞ്ജ ചൊല്ലിക്കൊടുക്കും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച്.രാജ, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി ഉള്‍പ്പെടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നയ്ക്, ദേശീയ സമിതിയംഗങ്ങളായ എം സഞ്ജീവഷെട്ടി, മടിക്കൈ കമ്മാരന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി.രമേശ്, സംസ്ഥാന സമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു
Post a Comment
0 Comments