Type Here to Get Search Results !

Bottom Ad

തടിയന്റവിട നസീറിന്റെ സഹായി പൊലീസ് പിടിയില്‍


തിരുവനന്തപുരം:(www.evisionnews.in)ബംഗളൂരു ബോംബ് സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹായി പെരുമ്പാവൂര്‍ സ്വദേശി ഷഹനാസ് പോലീസ് പിടിയില്‍. ഇയാളില്‍ നിന്ന് നസീര്‍ കൈമാറിയ കത്തുകളും പോലീസ് കണ്ടെടുത്തു. കത്തില്‍ ബംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നിര്‍ദേശമുള്ളതായി പോലീസ് അറിയിച്ചു.
കിഴക്കമ്പലം കാച്ചിപ്പിള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഇന്നലെ കോടതിയില്‍ തടിയന്റവിട നസീറിനെ കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് നസീറിന് കത്തുകള്‍ കൈമാറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൈമാറിയ കത്തുകളില്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. നസീര്‍ ഇയാള്‍ക്ക് കൈമാറിയ കുറിപ്പുകളും കണ്ടെടുത്തു. ഏഴ് കത്തുകളാണ് പോലീസ് ഷഹ്നാസില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നാലെണ്ണമാണ് നസീര്‍ ഷഹ്നാസിന് കൈമാറിയിട്ടുള്ളത്. ഒന്ന് ഷഹ്നാസ് നസീറിന് എഴുതിയ മറുപടിയാണ്. 

കത്തുകളില്‍ നിന്നും നസീര്‍ ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാണ്.വ്യാജപ്പേരില്‍ പുതിയ സിം കാര്‍ഡ് എടുക്കാനും അത് എങ്ങനെ ഉപയോഗിക്കണമെന്നും കത്തില്‍ നസീര്‍ ഷഹനാസിന് നിര്‍ദേശം നല്‍കുന്നുണ്ട്. കോട്ടയം കൊല്ലം എന്നിവിടങ്ങളിലെ ചിലരെ ചെന്നുകാണുന്നതിനും അവരില്‍ നിന്ന് പണപ്പിരിവ് നടത്താനും നസീര്‍ കത്തില്‍ പറയുന്നു.

എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് വ്യാജ സിം കാര്‍ഡ് എടുക്കാന്‍ സാധിച്ചില്ലെന്നും ഉടന്‍ എടുക്കാമെന്നും ഷഹ്നാസ് നസീറിന് എഴുതിയ മറുപടിയില്‍ പറയുന്നു. കത്തുകളില്‍ നിന്ന് ഷഹനാസ് നാലുതവണ പരപ്പന അഗ്രഹാര ജയിലില്‍ എത്തി നസീറിനെ സന്ദര്‍ശിച്ചിട്ടുള്ളതായി മനസ്സിലാക്കാമെന്നും പോലീസ് പറയുന്നു. വ്യാജ പേരിലെടുത്ത ഒരു സിംകാര്‍ഡും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad