Type Here to Get Search Results !

Bottom Ad

എന്‍.എസ്.എസിന്റെ മനസറിയാന്‍ ബിജെപി നേതൃത്വം പെരുന്നയിലേക്ക്


തിരുവനന്തപുരം (www.evisionnews.in): എസ്.എന്‍.ഡി.പിയുമായുള്ള ബാന്ധവം തുടരുന്നതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് ബിജെപി എന്‍.എസ്.എസിനെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് സംഘ്പരിവാര്‍ പക്ഷത്ത് നിര്‍ത്താന്‍ ശ്രമംതുടങ്ങി. ഇതിന്റെ ഭാഗമായി എന്‍.എസ്.എസിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി പെരുന്നയിലേക്ക് ബിജെപി കേന്ദ്ര നേതാക്കള്‍ തന്നെ നേരിട്ടെത്തും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലായിരിക്കും ബിജെപി സംഘം പെരുന്നയിലെത്തുന്നത്. അമിത്ഷായ്‌ക്കൊപ്പം ബിജെപിയില്‍ അകന്ന് കഴിയുന്ന മുന്‍കാല നേതാക്കളും നായന്മാരുമായ പിപി മുകുന്ദനും കെ രാമന്‍പിള്ളയും ഒപ്പംഉണ്ടാകാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്. മുകുന്ദനെയും പിള്ളയയെയും സംസ്ഥാന നേതൃത്വത്തിലേക്കെത്തിക്കാനാണ് പദ്ധതി. 

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ നിലപാട് ബിജെപിയെ സഹായിച്ചു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വോട്ടിംഗിലെ കണക്കൂട്ടലുകളനുസരിച്ച് സംസ്ഥാനത്തെ 42 നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് ബിജെപി നീക്കം. ഇതിന് എന്‍.എസ്.എസിന്റെ സഹായം അനിവാര്യമാണെന്ന് നേതൃത്വം കരുതുന്നു. വെള്ളാപ്പള്ളി നടേശന്‍ കാസര്‍കോട് നിന്ന് സമത്വ മുന്നേറ്റയാത്ര തുടങ്ങുന്നതിന് മുമ്പ് കേന്ദ്ര നേതാക്കള്‍ പെരുന്നയിലെത്താന്‍ അനൗദ്യോഗിക വിവരം. എന്നാല്‍ ബിജെപി നേതാക്കളുടെ പെരുന്ന സന്ദര്‍ശനത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രതികരിച്ചു. 

അതേസമയം എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയില്ലെന്നും സാമുദായിക സംഘടനയായി തന്നെ തുടരുമെന്നുമാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മതസംഘടനകളല്ല, ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പ്രഥമ സ്ഥാനമെന്നും ഇപ്പോഴും സമദൂര സിദ്ധാന്തത്തിലാണ് എന്‍.എസ്.എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Keywords: Kerala-news-nss-bjp-relation-constructs 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad