Type Here to Get Search Results !

Bottom Ad

ഹരീഷ് പൂജാരി വധം: കലബുര്‍ഗി വധക്കേസിലെ പ്രതിയുള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍

മംഗളൂരു (www.evisionnews.in): ദക്ഷിണ കന്നടയില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി സാമുദായിക സംഘര്‍ഷം ഇളക്കിവിട്ട കേസില്‍ രണ്ടു സംഘ് പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ബജ്രംഗ്ദള്‍ ബണ്ട്വാള്‍ കോ കണ്‍വീനര്‍ കല്ലടക്കയിലെ ബുവിത് ഷെട്ടി (25), അച്യുത് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ ബുവിത് ഷെട്ടി കലബുര്‍ഗി വധക്കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ബജ്രംഗ്ദള്‍ നേതാവാണ്.

ബണ്ട്വാള്‍ മണിഹള്ളയിലെ ഹരീഷ് പൂജാരി (24)യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്ന് സംഘപരിവാറുകാര്‍കൂടി അറസ്റ്റിലാകുമെന്ന് ഐ.ജി അമിത് പോള്‍ പറഞ്ഞു. പ്രമുഖ കന്നട എഴുത്തുകാരനും ഹംപി സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. എം എം കലബുര്‍ഗിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ബുവിത് ഷെട്ടി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

യു.ആര്‍ അനന്തമൂര്‍ത്തിക്ക് ശേഷം കലബുര്‍ഗി, ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പട്ടിയുടേതുപോലുള്ള മരണം, അടുത്തത് ഡോ. കെ എസ് ഭഗവാന്‍ എന്നാണ് ട്വിറ്റര്‍ പോസ്റ്റ്. കല്ലടക്കയിലെ മുസല്‍മാന്റെ കൈ വെട്ടിയതില്‍ അഭിമാനിക്കുന്നു എന്നും ബുവിത് ട്വീറ്റ് ചെയ്തിരുന്നു. അച്യുതും വര്‍ഗീയകലാപം ഉണ്ടാക്കിയതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്.

ഈ മാസം 12ന് മുസ്ലിംസംഘടന ബണ്ട് വാളില്‍ നടത്തിയ പരിപാടിക്കിടെ സംഘപരിവാറുകാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വൈകിട്ട് ബൈക്കില്‍ പോവുകയായിരുന്ന ഹരീഷിനെ ബുവിത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാറുകാര്‍ വെട്ടിക്കൊന്നു. ഇറങ്ങി ഓടിയ ഹരീഷിനെ പിന്തുടര്‍ന്ന സംഘം വീടിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം മുസ്ലിങ്ങളാണ് ഹരീഷിനെ കൊലപ്പെടുത്തിയതെന്ന് പ്രചരിപ്പിച്ചു. ഹരീഷിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പ്രകോപനപരമായി സംസാരിച്ച് സംഘര്‍ഷം വ്യാപിപ്പിക്കുകയായിരുന്നു. ഹരീഷിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് സഫീയുള്ളയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. സഫിയുള്ള സുഖം പ്രാപിച്ചു വരികയാണ്.

പിറ്റേന്ന് ദക്ഷിണ കന്നടയില്‍ സംഘപരിവാര്‍ നടത്തിയ ബന്ദിന്റെ പേരില്‍ വാഹനങ്ങളും കടങ്ങളും ആക്രമിച്ചു. നിരവധി പേര്‍ക്ക് കുത്തേറ്റു. ദിവസങ്ങളോളം കര്‍ഫ്യു പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളേജുകളും വ്യവസായസ്ഥാപനങ്ങളും ദിവസങ്ങളോളം അടഞ്ഞുകിടന്നു. ഹരീഷ് വധക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ സംഘപരിവാര്‍ നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ഹരീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച നേതാക്കള്‍ സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറുകാര്‍ സമരവും നടത്തി. പ്രതികള്‍ നേരത്തെ കസ്റ്റഡിയിലായിട്ടും വിവരം പോലീസ് പുറത്തുവിട്ടില്ല. വിവരം പുറത്തുവിട്ടിരുന്നെങ്കില്‍ ഒരാഴ്ചയോളം അരങ്ങേറിയ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു.


Keywords: Kasaragod-news-police-murder-case







Tags

Post a Comment

0 Comments

Top Post Ad

Below Post Ad