Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി


കാസര്‍കോട് (www.evisionnews.in): എ.ജി.സി ബഷീര്‍ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകും. ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗിനും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നല്‍കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്.

എ.ജി.സി ബഷീറിന് ശേഷം രണ്ടര വര്‍ഷം പാദൂര്‍ കുഞ്ഞാമു ഹാജിയും പ്രസിഡണ്ടാകും. കോണ്‍ഗ്രസിന്റെ ശാന്തമ്മ ഫിലിപ്പായിരിക്കും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും കെപിസിസിയും നിലപാടെടുത്തിരുന്നു. അതേസമയം ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗിന് പ്രസിഡണ്ട് സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ് ജില്ലാ സംസ്ഥാന നേതൃത്വം നിലപാടെടുത്തതോടെയാണ് ഇക്കാര്യത്തില്‍ സമവായത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും ചുമതലപ്പെടുത്തിയത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കുമ്പള ഡിവിഷനില്‍ നിന്നുള്ള അംഗവുമാണ് ബഷീര്‍. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്‍.ഡി.എഫ് വി.പി.പി മുസ്തഫയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തും. അങ്ങിനെ വന്നാല്‍ ബിജെപിയുടെ രണ്ടംഗങ്ങളുടെ പിന്തുണ വി.പി.പി മുസ്തഫയ്ക്കായിരിക്കും ലഭിക്കുക. ബിജെപിയുടെ പിന്തുണ സ്വീകരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് തുടരാന്‍ സിപിഎം തയാറാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഇത്തരമൊരു സാഹചര്യത്തില്‍ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാന്‍ ഒരാഴ്ചക്ക് ശേഷം വീണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വരും. എ.ജി.സി ബഷീര്‍ വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഇരു മുന്നണികളും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംസ്ഥാനത്ത് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് ഭരണസാരഥ്യം സംബന്ധിച്ച അവ്യക്തത ഉടലെടുത്തിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad