കാസര്‍കോട് (www.evisionnews.in): എല്‍.കെ.ജി വിദ്യാര്‍ത്ഥി ക്ലാസിലുള്ളതറിയാതെ വാതിലും ഗേറ്റും പൂട്ടി അധികൃതര്‍ സ്ഥലം വിട്ടു. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ക്ലാസ് മുറി തുറന്ന് വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ചെമ്മനാട് ഗവ. യു.പി സ്‌കൂള്‍ വെസ്റ്റിലാണ് സംഭവം. കോളിയാട്ടെ ബി. ഫൈസലിന്റെ മകന്‍ മുഹമ്മദ് റാഫിയാണ് സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധമൂലം ക്ലാസ് മുറിക്കകത്ത് പെട്ടുപോയത്. അയല്‍പക്കത്തെ മുതിര്‍ന്ന കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങാറുള്ള റാഫി ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു.
എന്നാല്‍ ക്ലാസ് അധ്യാപികയെ ഫോണില്‍ ബന്ധപ്പെട്ടപ്പേള്‍ രണ്ടര മണിക്ക് ആരോ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോയതായി അധ്യാപിക അറിയിച്ചു. ഇതോടെ വീട്ടുകാര്‍ സ്‌കൂളിലേക്ക് എത്തുകയും പരിസരമാകെ അന്വേഷിച്ചെങ്കിലും റാഫിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാനിരിക്കുന്നതിനിടെയാണ് സ്‌കൂളിന് സമീപത്ത് താമസിക്കുന്നവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ടത്. തുടര്‍ന്ന് ബന്ധുക്കളെയും അധ്യാപകരെയും വിവരമറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരെത്തി ക്ലാസ് മുറി തുറന്നതോടെ പേടിച്ചരണ്ട നിലയില്‍ കുട്ടിയെ ക്ലാസിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
Keywords: Kasaragod-news-lkg-phone-phone-news
Post a Comment
0 Comments