Type Here to Get Search Results !

Bottom Ad

കന്നഡയേയും തമിഴിനേയും കൈവിടാതെ മലയാളം ഔദ്യോഗിക ഭാഷയാക്കി


* ജോലിക്കുള്ള മത്സരപരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യം
* വ്യാവസായിക ഉത്പന്നങ്ങളുടെ പേര് മലയാളത്തിലും വേണം
* നിയമലംഘനത്തിന് പിഴ

തിരുവനന്തപുരം: (www.evisionnews.in) മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായിരുന്ന കേരളത്തില്‍ മലയാളം മാത്രമായിരിക്കും ഇനി ഔദ്യോഗികഭാഷ. മലയാളമായിരിക്കും ഒന്നാംഭാഷ. മലയാളപഠനം നിര്‍ബന്ധമാണ്. മലയാളഭാഷാ വികസനത്തിനായി ഭാഷാവികസന വകുപ്പ് രൂപവത്കരിക്കും. കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മലയാള ഭാഷ വ്യാപനവും പരിപോഷണവും സംബന്ധിച്ച കരട് ബില്ലിലാണ് ഈ വ്യവസ്ഥകളുള്ളത്.
പി.എസ്.സി.യും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കായി നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങള്‍ മലയാളത്തിലും തയ്യാറാക്കണം. കീഴ്‌ക്കോടതി കേസുകളും അവിടത്തെ വിധിന്യായവും മലയാളത്തിലാക്കും.

കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഉത്തരവ്, ചട്ടം, ബൈലോ എന്നിവ മലയാളത്തിലായിരിക്കണം. ഇവയുടെ ഇംഗ്ലീഷ് പരിഭാഷയും നല്‍കണം. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട കേന്ദ്രനിയമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യണം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കും മലയാളമായിരിക്കും ഔദ്യോഗിക ഭാഷ. കേന്ദ്ര സര്‍ക്കാര്‍, മറ്റുസംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ ഇംഗ്ലീഷിലാകാം. കന്നഡ, തമിഴ് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ സര്‍ക്കാരുമായി കത്തിടപാട് നടത്താം. ഇവയ്ക്കുള്ള മറുപടി അവരുടെ ഭാഷയിലോ, ഇംഗ്ലീഷിലോ നല്‍കണം.

മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്ന മലയാളികളല്ലാത്ത കുട്ടികള്‍ക്ക് ഒന്‍പത്, 10, 11, 12 ക്ലാസുകളില്‍ മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്നൊഴിവാക്കും.
പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി, ബിരുദ തലങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ പി.എസ്.സി.യുടെ പരീക്ഷ ജയിക്കണം.

കീഴ്‌ക്കോടതി കേസുകളും വിധിന്യായങ്ങളും മലയാളത്തിലാക്കും. ഇതിനുള്ള നടപടികള്‍ ഹൈക്കോടതി കൈക്കൊള്ളണം. പെറ്റി കേസുകളില്‍ മലയാളത്തിലേ വിധി പറയാവൂ. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഉത്തരവുകള്‍ മലയാളത്തിലാക്കണം.
സംസ്ഥാനത്ത് നിര്‍മിക്കുന്നതോ, വില്‍ക്കുന്നതോ ആയ എല്ലാ വ്യാവസായിക ഉത്പന്നങ്ങളുടെയും പേര് മലയാളത്തിലായിരിക്കണം. അവയുടെ ഉപയോഗക്രമം മലയാളത്തിലും വിശദീകരിക്കണം. ഭാഷാനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് 5,000 മുതല്‍ 25,000 രൂപ വരെ പിഴയീടാക്കാം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.

ബോര്‍ഡുകള്‍ മലയാളത്തിലാകും

* സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥപ്പേര്, ഉദ്യോഗസ്ഥരുടെ പേരുള്ള ബോര്‍ഡുകള്‍ മലയാളത്തിലായിരിക്കണം. വാഹനങ്ങളുടെ ബോര്‍ഡിനും ഇത് ബാധകം. സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന മറ്റു ബോര്‍ഡുകളില്‍ മലയാളത്തിലും വിവരങ്ങള്‍ നല്‍കണം.
* വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കൗണ്‍സലിങ് സെന്ററുകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, വിനോദ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ ബോര്‍ഡുകളുടെ ആദ്യപകുതി മലയാളത്തിലായിരിക്കണം.
*സര്‍ക്കാരില്‍നിന്ന് ആനുകൂല്യം പറ്റി ചെയ്യുന്ന ഏത് പ്രവൃത്തിയുടെയും ബോര്‍ഡുകളില്‍ മലയാളത്തിനായിരിക്കണം പ്രാമുഖ്യം.
* സര്‍ക്കാര്‍ പരസ്യങ്ങളും അറിയിപ്പുകളും മലയാളത്തിലാകണം. ആനുകാലികങ്ങളിലെ പരസ്യത്തില്‍ നിശ്ചിത ശതമാനം മലയാളത്തിലാക്കും.
*സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ മലയാളം ലഭ്യമാക്കണം. ഇ-ഭരണ പദ്ധതിയില്‍ മലയാളം കൂടി ഉപയോഗിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

Keywords: malayalam-official-language-of-ministry-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad