Type Here to Get Search Results !

Bottom Ad

മടിക്കേരിയില്‍ സ്ഥിതി ശാന്തം: മരിച്ച മലയാളി യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു


മംഗളൂരു (www.evisionnews.in): ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷം അരങ്ങേറിയ മടിക്കേരിയടക്കമുള്ള കുടക് പട്ടണങ്ങള്‍ സമാധാനത്തിലേക്ക്. വ്യാഴാഴ്ച രാവിലെ വരെ അനിഷ്ട സംഭവങ്ങളൊന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വന്‍ പോലീസ് സന്നാഹത്തെയാണ് ജില്ലയിലാകെ വിന്യസിച്ചിരിക്കുന്നത്. ദ്രുതകര്‍മ്മ സേനയും രംഗത്തുണ്ട്. 

അതിനിടെ ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ വെടിയേറ്റ മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയും സിദ്ധാപുരം ഗൂഡ്ഡെഗദ്ദെ നിവാസിയുമായ സൗദിയിലുള്ള നാസറിന്റെ മകന്‍ ഷാഹുല്‍ (22) ആണ് മരിച്ചത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി.

ചൊവ്വാഴ്ച ആഘോഷത്തില്‍ പങ്കെടുത്ത് മടിക്കേരിയില്‍നിന്നും സിദ്ധാപുരത്തേക്ക് വരുന്നതിനിടെ ചെട്ടള്ളി അബ്ബാലയില്‍ വെച്ചാണ് ഷാഹുലിന് വെടിയേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി എട്ടിനാണ് മരിച്ചത്. ബംഗളൂരുവില്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനാണ് യുവാവ്. മാതാവ്: ഉമ്മുകുല്‍സു. സഹോദരങ്ങള്‍: റംഷിന, നൗഫിന. 

പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് വി.എച്ച്.പി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംഘ്പരിവാര്‍ ആഹ്വാനംചെയ്ത ബന്ദ് ജില്ലയില്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷത്തിനിടെ മരിച്ച വി.എച്ച്.പി ഓര്‍ഗനൈസിങ് സെക്രട്ടറി ഡി.എ. കുട്ടപ്പ (55)യുടെയും സംഘര്‍ഷത്തിനിടെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണുമരിച്ച രാജു (56)വിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

കലാപത്തെ തുടര്‍ന്ന് കുടകിലെ മലയാളികളാകെ കടുത്ത ഭയപ്പാടോടെയാണ് ദിവസങ്ങള്‍ തളളിനീക്കുന്നത്. പാലക്കാട് മുതലുള്ള നിരവധി മലയാളി കുടുംബങ്ങള്‍ ജാതിമത ഭേദമന്യെ കുടകിലെ വിവിധയിടങ്ങളില്‍ കുടിയേറി താമസമുറപ്പിച്ചവരാണ്. കുടകിലെ സുഗന്ധവിള തോട്ടങ്ങളില്‍ വിളവെടുത്തും തൊഴിലെടുത്തും കഴിയുന്നവരാണ് മലയാളികള്‍. 

Post a Comment

0 Comments

Top Post Ad

Below Post Ad